അഴുക്കുചാലിലൂടെ കുടിവെള്ളത്തില്‍ മലിനജലം കലരുന്നുവെന്ന് പരാതി

കല്‍പ്പറ്റ: നഗരത്തിലെ അഴുക്കുചാലിന്‍റെ സ്ലാബിനടിയിലൂടെ സ്ഥാപിച്ച കുടിവെള്ള പൈപ്പുകളില്‍ പലതിലും ചോര്‍ച്ചയെന്ന് പരാതി. വാട്ടര്‍ അതോറിറ്റി തലങ്ങും വിലങ്ങും സ്ഥാപിച്ച പൈപ്പുകള്‍ കാരണം മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികള്‍ക്ക് മാലിന്യം അടിഞ്ഞുകിടക്കുന്ന ഓടകള്‍ വൃത്തിയാക്കാനും കഴിയാത്ത സ്ഥിതിയാണ്. ലിയോ ആശുപത്രി റോഡിലെ അഴുക്കുചാലുകള്‍ നഗരസഭ ജോലിക്കാരെത്തി വൃത്തിയാക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പുകളില്‍ ചിലതിലെ ചോര്‍ച്ച ഇവിടെ ഉണ്ടായിരുന്ന പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൂട്ടത്തോടെ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളില്‍ പലതും ഓടയിലെ കൊഴുത്ത അഴുക്കുവെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയിലാണ്. ഇത്തരത്തിലുള്ള ചില പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയത്.

വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ പൈപ്പിലെ വെള്ളം ചോരുന്ന ഭാഗങ്ങളിലൂടെ അഴുക്കുജലമാണ് തിരികെ കയറുക. പിന്നീട് ജലവിതരണം നടത്തുമ്പോള്‍ ആ വെള്ളം അഴുക്ക് കലര്‍ന്നതാകാന്‍ സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഓടകള്‍ തുറന്നപ്പോള്‍ പലതും മണ്ണും പ്ലാസ്റ്റിക് കവറുകളും വന്നടിഞ്ഞ് ഒഴുക്ക് തടസപ്പെട്ട നിലയിലായിരുന്നു. പലയിടത്തും ഒന്നോ രണ്ടോ തൊഴിലാളികള്‍ കോരിയാല്‍ പോലും തീരാത്ത നിലയിലാണ് മണ്ണും പ്ലാസ്റ്റിക് അടക്കമുള്ള പാഴ് വസ്തുക്കളും വന്നടിഞ്ഞിരിക്കുന്നത്. എന്നാല്‍ വാട്ടര്‍ അതോറ്റിറ്റിയുടെ കുടുവെള്ള പൈപ്പുകള്‍ പോകുന്നതിനാല്‍ ഇവിടങ്ങളിലൊന്നും ജെ.സി.ബി പോലെയുള്ള യന്ത്രങ്ങള്‍ കൊണ്ടുവന്ന് അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.