പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: കിടപ്പിലായ വയോധികനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. മാള പുത്തൻചിറ സദനം ചക്കാലക്കൽ വീട്ടിൽ മത്തായിയുടെ (67) ജാമ്യാപേക്ഷയാണ് തൃശൂർ ജില്ല സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളിയത്. പീഡനത്തെ തുടര്‍ന്ന് അവശനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികന് ഫെബ്രുവരി 16ന് മരണപ്പെട്ടിരുന്നു.
88കാരനായ ഓർമക്കുറവുള്ള വയോധികനെ പരിചരിക്കാൻ മകൻ ഏർപ്പെടുത്തിയതായിരുന്നു മത്തായിയെ. പ്രകൃതിവിരുദ്ധ പീഡനം സ്മാർട്ട് ഹോം കാമറയിൽ കണ്ടതിനെ തുടർന്ന് ഇതടക്കമാണ് പൊലീസിന് പരാതി നൽകിയത്. മാള പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 26 മുതൽ മത്തായി ജയിലിലാണ്.
കേസ് ഫയലും മെഡിക്കല്‍ രേഖകളും കാമറ രേഖകളും കോടതി പരിശോധിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാർ ഹാജരായി.