വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ആരോഗ്യ പ്രവർത്തകനെ റിമാൻഡ് ചെയ്തു

പരപ്പനങ്ങാടി: ഒമ്പതാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച പരാതിയിൽ പ്രതി അറസ്റ്റിൽ. പോലീസ് പിടികൂടിയ ഹെൽത്ത് സെൻ്റർ ജീവനക്കാരനെ പോക്സോ കേസിൽ കോടതി റിമാന്‍റ് ചെയ്തു. ഹെൽത്ത് സബ് സെൻ്ററിലെ കരാർ ജീവനക്കാരനായ അഭിലാഷ് (21) നെയാണ് കോടതി റിമാന്‍റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് പരപ്പനങ്ങാടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം, രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ റെനിൽ വർഗീസാണ് അറസ്റ്റിലായത്. കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശിയാണ് റെനിൽ വർഗീസ്. കാഞ്ഞങ്ങാട് – പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് 39 വയസുകാരനായ പ്രതി.

ബസിൽ സ്ഥിരമായി എത്തുന്ന 19 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയാണ് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. റാണിപുരം റോഡിലെ ക്വാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയെന്നു പെൺകുട്ടി പരാതിപ്പെട്ടിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.