മുണ്ടേരിയിൽ കുടുംബത്തെ വീടുകയറി ആക്രമിച്ചെന്ന് പരാതി

വയനാട്: വയനാട്ടിലെ മുണ്ടേരിയിൽ കുടുംബത്തെ വീടുകയറി ആക്രമിച്ചെന്ന് പരാതി. അക്രമത്തിൽ പരിക്കുപറ്റിയ മുണ്ടേരി സ്വദേശി വട്ടക്കര കമാൽ, ഭാര്യ, മക്കൾ തുടങ്ങിയവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വിശദീകരണം. രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് എത്തിയ ആറംഗ സംഘം അക്രമമഴിച്ചുവിടുകയായിരുന്നുവെന്നാണ് കുടുംബം പോലീസിന് നൽകിയ മൊഴി.

കുടുംബത്തിലെ ഒരാളുടെ വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നുവെന്നും ഇതായിരിക്കാം ആക്രമണത്തിനു പിന്നിലെന്നും എന്നാൽ കാരണമൊന്നും പറയാതെയായിരുന്നു മർദനമെന്നും കുടുംബം പറയുന്നു.

ഇടുക്കി സ്വദേശിയായ ചുണ്ടക്കുഴി റഷീദ്, കോഴിക്കോട് സ്വദേശികളായ അഡ്വ. താജുദ്ദീൻ കൊല്ലാണ്ടി, അഡ്വ. ലിസാനുദ്ദീൻ കൊല്ലാണ്ടി, വയനാട് സ്വദേശികളായ സി.പി റഫീഖ്, സി.പി ഷൈജൽ, സി.പി ഷമീർ തുടങ്ങിയവരാണ് ആക്രമണം നടത്തിയതെന്നും മൂന്ന് ജില്ലകളിൽ നിന്നുള്ളവർ രാത്രി സംഘടിച്ചെത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബം പറയുന്നു.

സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു. അതേസമയം, പ്രതികളെ കാണിച്ചു കൊടുത്തിട്ടും കൽപ്പറ്റ പോലീസ് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നുവെന്നും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചില്ലെന്നും കുടുംബം പറയുന്നു.