കൊല്ലം നഗരത്തിൽ മോഷണ പരമ്പര; രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് മോഷണങ്ങൾ

കൊല്ലം: നഗരത്തിൽ മോഷണങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ചെറുതും വലുതുമായ മൂന്ന് മോഷണങ്ങളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണറുടെ വസതിക്ക് സമീപവും പോലീസ് പെട്രോളിങ്ങ് വാഹനത്തിന്‍റെ നിരീക്ഷണമുള്ള പള്ളിമുക്കിലുമാണ് പോലീസിനെ വെല്ലുവിളിച്ചുള്ള മോഷണങ്ങൾ നടന്നിരിക്കുന്നത്. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളും മോഷ്ടാക്കൾ പിടിമുറുക്കുന്നെന്ന സൂചന നൽകുകയാണ് കഴിഞ്ഞ നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ നടന്ന ചെറുതും വലുതുമായ മോഷണങ്ങൾ. നഗരത്തിൽ പോലീസ് സാന്നിധ്യമുള്ളയിടങ്ങളിലാണ് മോഷണങ്ങൾ ഏറെയും നടന്നിരിക്കുന്നത്. ഇതിൽ ഏറ്റവും വലുത് സിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വസതിക്ക് സമീപം നടന്ന മോഷണമാണ്.