സൈബർ ബുള്ളിയിങ്ങിലൂടെയുളള കൊലപാതകം; ആതിരയുടെ മരണത്തിൽ ആശിഷ് ദാസ് ഐഎഎസ്

കോട്ടയം: പോലീസിൽ പരാതി നൽകിയ ശേഷവും അരുൺ സഹോദരിയെ ശല്യം ചെയ്തുവെന്ന് സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കടുത്തുരുത്തി സ്വദേശി ആതിരയുടെ സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐഎഎസ്. പരാതി നൽകി പോലീസ് ഇടപെട്ട കേസിൽ ഇതാണ് സ്ഥിതിയെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും, എല്ലാ പിന്തുണയും ആതിരയ്ക്ക് നൽകിയിരുന്നുവെന്നും ആശിഷ് ദാസ് ഐ എ എസ് പ്രതികരിച്ചു. ആതിരയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരൻ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ ആതിര പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ആതിരയുടെ ആത്മഹത്യ. അരുണുമായുള്ള സൗഹൃദം ആതിര ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്. ആതിരയ്ക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ആതിരയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 26കാരി ജീവനൊടുക്കിയത്.