കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച സംഭവം; യുവാക്കൾ അറസ്റ്റിൽ
കളമശ്ശേരി: കെഎസ്ആർടി.സി ബസിൽ കയറി ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലുവ കരുമാല്ലൂർ സ്വദേശികളായ സിദ്ദീഖുൽ അക്ബർ (20), ഷബിൻ മാലിക് (20) തുടങ്ങിയവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന പിക്അപ് വാനിനെ കെഎസ്ആർടിസി ബസ് ഹോൺ മുഴക്കി മറികടന്നതിന്റെ വിദ്വേഷത്തിലാണ് അതിക്രമം നടത്തിയത്. കളമശ്ശേരി കുസാറ്റ് സിഗ്നൽ ജങ്ഷനിൽവെച്ച് ബസ് നിർത്തിയ സമയം നോക്കി കൈയിൽ കരുതിയ മിനറൽ വാട്ടർ കുപ്പി ഉപയോഗിച്ച് ഡ്രൈവറെ തലക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസിന്റെ കണ്ണാടി അടിച്ച് തകർക്കുകയും സുരക്ഷാ കമ്പികൾ വളച്ച് നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.