ഹണിട്രാപ്പ് കേസുകളില്‍പ്പെട്ട അശ്വതി അച്ചുവിനെ പൂവാര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം: ഹണിട്രാപ്പ് കേസുകളില്‍പ്പെട്ട അശ്വതി അച്ചുവിനെ പൂവാര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
പൂവാര്‍ സ്വദേശിയായ 68 കാരന് വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ മരിച്ച ശേഷം ഭിന്നിശേഷികാരിയായ മകളെ സംരക്ഷിക്കാനാണ് 68 കാരന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഒരു സുഹൃത്തുവഴിയാണ് അശ്വതിയുടെ ആലോചനയെത്തുന്നത്. വിവാഹ ചെലവുകള്‍ക്കെന്ന പേരില്‍ അശ്വതി ആദ്യം കുറച്ചു പണം വാങ്ങി. രജിസ്ട്രേഷനായ പൂവ്വാര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോള്‍ വീണ്ടും പണം ചോദിച്ചു. ഇതിന് ശേഷം ഫോട്ടോയെടുത്തവരാമെന്ന് പറഞ്ഞാണ് അശ്വതി മുങ്ങിയത്.

പണം തിരികെ കിട്ടാതായതോടെ അശ്വതി തന്നെ പറ്റിച്ചതാണെന്ന് മനസിലായ വൃദ്ധന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, 1000രൂപ മാത്രം കടം വാങ്ങിയെന്നായിരുന്നു അശ്വതി അച്ചുവിന്‍റെ മൊഴി. വിശദമായ അന്വേഷണത്തിനൊടുവില്‍ വൃദ്ധന്‍ അശ്വതി അച്ചുവിന് പണം കൈമാറിയതിന്‍ രേഖകള്‍ കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ്.

മുന്‍പ് ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പില്‍ കുടുക്കിയ ആളാണ് ‘അശ്വതി അച്ചു’. നടപടികള്‍ മുന്നോട്ട് പോകുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഈ കേസുകളില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

2021 സെപ്റ്റംബറില്‍ ആയിരുന്നു. കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണി ട്രാപ്പ് കേസായിരുന്നു ഇത്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്. നെയ്യാറ്റിന്‍കര ഡിവൈ എസ് പിയാണ് ഈ കേസ് അന്വേഷിച്ചത്. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്.

കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച്‌ സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം ആരും പുറത്തുപറയാന്‍ തയ്യാറായില്ല.