നേമം: ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു.ഫാസ്റ്റ് ഫുഡ് കടയിലെ തർക്കത്തെ തുടർന്ന് ഝാർഖണ്ഡ് സ്വദേശി ഷംസുദ്ദീനാണ് (37) കഴുത്തിന് മാരകമായി കുത്തേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് കാസർകോട് കുമ്പള കെ.കെ ഹൗസിൽ അബ്ദുൾ സമീറിനെ (33) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. മലയിൻകീഴ് കുളക്കോട് ഭാഗത്ത് പ്രവർത്തിക്കുന്ന കടയിലെ തൊഴിലാളികൾ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. നിലവിളി കേട്ട് ഓടിക്കൂടിയവർ ബലം പ്രയോഗിച്ചാണ് കുത്തുന്നുയാളെ പിന്തിരിപ്പിച്ചത്. പാചകത്തെ സംബന്ധിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.