വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍

കൊല്ലം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കാവനാട് പവിത്രംവീട്ടില്‍ നസീര്‍ (38) പോലീസിന്റെ പിടിയിലായി. വിവാഹിതനായ പ്രതി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് ഈ ബന്ധം മുതലെടുത്തു പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ കൈയില്‍നിന്നു പലപ്പോഴായി സ്വര്‍ണാഭരണങ്ങളും 36,500 രൂപയും പ്രതി തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു.
ശക്തികുളങ്ങര പോലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.