നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യുടെ എല്ലാ കമ്മിറ്റികളും ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പിരിച്ചുവിട്ടു

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യുടെ എല്ലാ കമ്മിറ്റികളും ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പിരിച്ചുവിട്ടു. എത്രയും പെട്ടെന്ന് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ പവാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് പാര്‍ട്ടി ധൃതിയില്‍ തീരുമാനമെടുത്തത്. ദേശീയ അധ്യക്ഷന്റെ നിര്‍ദേശ പ്രകാരം കമ്മിറ്റികള്‍ പിരിച്ചുവിട്ടുവെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അതേസമയം, നാഷണലിസ്റ്റ് വിമണ്‍ കോണ്‍ഗ്രസ്, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്, നാഷണലിസ്റ്റ് സ്റ്റുഡന്റ് കോണ്‍ഗ്രസ് എന്നീ പോഷക സംഘടനകളുടെ കമ്മിറ്റികള്‍ നിലവിലുള്ളത് പോലെ തുടരും.

എന്താണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണം എന്ന് എന്‍സിപി നേതൃത്വം അറിയിച്ചില്ല. മഹാരാഷ്ട്രയില്‍ എന്‍സിപി ഉള്‍പ്പെടുന്ന മഹാവികാസ് അഗാഡി സഖ്യസര്‍ക്കാര്‍ കഴിഞ്ഞാഴ്ച നിലംപതിച്ചിരുന്നു. ശിവസേനയിലെ ഒരു വിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്ന് വിമത നീക്കം നടത്തിയതോടെയാണ് സര്‍ക്കാര്‍ വീണത്. എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതായിരുന്നു മഹാവികാസ് അഗാഡി സഖ്യസര്‍ക്കാര്‍. ശിവസേനയിലെ ആഭ്യന്തര കലഹം എന്‍സിപിയിലും പടരുമോ എന്ന ആശങ്കയാണ് പവാറിന്റെ നടപടിക്ക് കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.