ഓണം വാരാഘോഷം കൊടിയേറി; കനകക്കുന്നിനെ ഇളക്കിമറിച്ച് ദുല്‍ഖറും അപര്‍ണയും

തിരുവനന്തപുരം : മലയാളി കാത്തിരുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നില്‍ കൊടിയേറി. ഇനി സെപ്തംബര്‍ 12 വരെ മലയാളക്കരയ്ക്ക് ഉത്സവരാവുകള്‍. ദേശീയ ചലച്ചിത്ര ജേതാവ് അപര്‍ണ ബാലമുരളിയും ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനും മുഖ്യാതിഥികളായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണംവാരാഘോഷം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മുഖ്യാതിഥികളും വേദിയിലേക്കെത്തുമ്പോള്‍ തന്നെ സദസ് ഇളകിമറിഞ്ഞു. പ്രിയതാരങ്ങളെ നേരിട്ട് കണ്ട സന്തോഷത്തിലായിരുന്നു ഏവരും. ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചതിന് പിന്നാലെ സംസാരിക്കാനെത്തിയ ദുല്‍ഖറിനെ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തന്നെ ഇവിടുത്തെ വൈദ്യുത ദീപാലങ്കാരം നിര്‍ബന്ധമായും കാണണമെന്ന് പലരും പറഞ്ഞുവെന്നും നേരിട്ടു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

 

തൊട്ടുപിന്നാലെയെത്തിയ അപര്‍ണാ ബാലമുരളി തനിക്ക് തിരുവനന്തപുരത്തെ നെയ്ബോളിയും പാല്‍പായസവും കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ സദസില്‍ നിന്നും ആര്‍പ്പുവിളികളുയര്‍ന്നു. തന്റെ ജീവിതത്തിലെ മറക്കാത്ത ഓണം ഓര്‍മയായി ഇന്നത്തെ ദിവസം മാറുമെന്നും താരം പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥികളായെത്തിയ താരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്നേഹോപഹാരം കൈമാറി.

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ 32 വേദികളിലാണ് വിവിധ പരിപാടികള്‍ നടക്കുന്നത്. ഇന്ന് (സെപ്തംബര്‍ ഏഴ്) നിശാഗന്ധിയില്‍ വൈകുന്നേരം 06.15ന് ബിദ്യ ദാസിന്റെ ഒഡീസിയും ഏഴ് മണിക്ക് വിനീത് ശ്രീനിവാസന്‍ ഷോയും അരങ്ങേറും.