സിദ്ദു മൂസവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

ചണ്ഡീഗഡ്: വെടിയേറ്റ് കൊല്ലപ്പെട്ട ഗായകന്‍ സിദ്ദു മൂസവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസാണ് ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേസിലെ പ്രതി കപില്‍ പണ്ഡിറ്റാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ദിവസങ്ങളോളം മുംബൈയില്‍ താമസിച്ച് സല്‍മാന്‍ ഖാന്റെ വീടും പരിസരവും നിരീക്ഷിച്ചതായും പ്രതികളായ സച്ചിന്‍ ബിഷ്‌ണോയി, സന്തോഷ് യാദവ് എന്നിവരും ഒപ്പമുണ്ടായിരുന്നതായി ഇയാള്‍ പറഞ്ഞു.

കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ ഗോള്‍ഡി ബ്രാര്‍ ആണ് ക്വട്ടേഷന്‍ നല്‍കിയത്. ഇന്റര്‍പോള്‍ വഴി ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ശനിയാഴ്ചയാണ് ബംഗാള്‍-നേപ്പാള്‍ അതിര്‍ത്തിക്കു സമീപം സിദ്ദു മൂസ വാല കേസിലെ പ്രതിയായ ദീപക് മുണ്ടിയെയും കൂട്ടാളികളായ കപില്‍ പണ്ഡിറ്റിനെയും രജീന്ദറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മാന്‍സ കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇതോടെ സിദ്ദു കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. രണ്ടുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

അഞ്ജാതരില്‍ നിന്ന് വധഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സല്‍മാന്‍ ഖാന് ഒരു തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് മുംബൈ പൊലീസ് നല്‍കിയിരുന്നു. ജൂണിലാണ് സല്‍മാന്‍ ഖാനും പിതാവ് സലിംഖാനുമെതിരെ വധഭീഷണി ഉണ്ടായത്. മൂസ വാലയുടെ ഗതി നിങ്ങള്‍ക്കും ഉണ്ടാകുമെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.