കൊച്ചി: പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ഒരു പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു. കേരളത്തിലെ ആശുപത്രികളില്‍ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്നും ഡോക്ടറുടെ മുമ്പില്‍ പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ പ്രതിയെ ഹാജരാക്കുന്ന സമയത്ത് പാലിക്കുന്ന അതേ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രഥമദ്യഷ്ടിയാല്‍ തന്നെ പോലീസിന് വീഴ്ച സംഭവിച്ചതായി് കോടതി കുറ്റപ്പെടുത്തി.
കേരളത്തിലെ പോലീസ് മികച്ച സേനയാണ്. അതിന്റെ സുരക്ഷയിലാണ് ജനങ്ങള്‍ സമാധാനത്തോടെ കിടന്നു റങ്ങുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ട്. പരിശോധനയ്ക്കായി ഒരാളെ കൊണ്ടുവരുമ്പോള്‍, പോലീസിന് ഒരു ഉത്തരവാദിത്തവുമില്ലേ എന്നും കോടതി ചോദിച്ചു.
ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഒരു പോലീസുകാരന്‍ എന്താണ് ചെയ്യേണ്ടത്? ഉപയോഗിക്കാവുന്ന ന്യായമായ ശക്തി എന്താണന്നും കോടതി ആരാഞ്ഞു. ജീവന്‍ കളഞ്ഞും ഡോക്ടറെ പോലീസ് സംരക്ഷിക്കണമായിരുന്നു എന്ന് എഡിജി പി കോടതിയില്‍ സമ്മതിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ നിരവധി സംഭവങ്ങള്‍ പോലീസ് സേനയ്ക്ക് പറയാനാകുമെന്നും എഡിജിപി പറഞ്ഞു.
പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ഒരു പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒരാഴ്ചയ്ക്കകം പ്രോട്ടോക്കോളിന് രൂപം നല്‍കുമെന്ന് എഡിജിപി കോടതിയെ അറിയിച്ചു. പോലീസിന്റെ പ്രോട്ടോക്കോളിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകരുതെന്നും പോലീസിന് കോടതി താക്കീത് നല്‍കി.