വിദേശ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിച്ച് കേരളം; വിലയിരുത്തലുമായി എഐഎം ഗ്ലോബല്‍ മീറ്റ് 2023

അബുദബി: കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയ്ക്ക് പുതുപ്രതീക്ഷ നല്‍കി അബുദാബിയില്‍ മേയ് 8 മുതല്‍ 10 വരെ സംഘടിപ്പിച്ച എ.ഐ.എം ഗ്ലോബല്‍ 2023 ശ്രദ്ധേയമായി. കേരളത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും, വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത ഗ്ലോബല്‍ മീറ്റില്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചതായി വിലയിരുത്തി. അഗ്രോ, ഗ്രീന്‍ എനര്‍ജി, ടൂറിസം, മാനുഫാക്ടറിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവല്പമെന്റ്, പുതുസംരംഭങ്ങള്‍ എന്നിവയിലാണ് മീറ്റില്‍ കേരളം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിംഗിലെ കേരള പവലിയനില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസ്ഥാനത്തെ വ്യവസായ രംഗത്ത് വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനുള്ള സാധ്യതകളെക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ ഡോ: എം.എ യൂസഫ് അലി സംസാരിച്ചു. നോര്‍ക്ക-വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, ടൂറിസം സെക്രട്ടറി ബി. ശ്രീനിവാസ് ഐഎഎസ്, ഐടി സെക്രട്ടറി വി. ഖേല്‍ക്കര്‍ ഐഎഎസ്, ലുലു ഫിനാഷ്യല്‍ ഹോള്‍ഡിംസ് എം.ഡി അദീബ് അഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു.

കേരളം കാലഘട്ടത്തിനനുസൃതമായി ആവശ്യാനുസരണം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കടന്ന് വരുമെന്നും മൂന്ന് ദിവസം നീണ്ടുനിന്ന മീറ്റില്‍ മുഴുവന്‍ സമയവും പങ്കെടുത്ത യുവ ഇന്ത്യന്‍ സംരംഭകരനും, ലുലു ഫിനാഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി-യുമായ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയും-യുഎഇ-യും തമ്മില്‍ വ്യാവസായിക, സാമൂഹിക, സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി നല്ല ബന്ധം പുലര്‍ത്തുന്നവരാണെന്നും കൂടാതെ യുഎഇ-യില്‍ നിന്നുള്ള പ്രമുഖരുടെ നിക്ഷേപ കേന്ദ്രമായി മാറാന്‍ കേരളത്തിന് കഴിഞ്ഞതായും ഇന്ത്യ-യുഎഇ സാമ്പത്തിക മേഖലയില്‍ നിക്ഷേപമുള്ള സംരംഭകന്‍ കൂടിയായ അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ വ്യവസായിക മേഖലയില്‍ മികച്ച അവസരമാണ് ലഭിക്കുന്നതെന്നും, യുഎഇ-യിലെ വിദേശ നിക്ഷേപകര്‍ക്ക് കേരളത്തില്‍ കൂടുതല്‍ നിക്ഷേപ സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫുഡ് പ്രോസസിംഗ്, ഗ്രീന്‍ എനര്‍ജി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, തുടങ്ങിയവയിലാണ് കേരളത്തിന് കൂടുതല്‍ സാധ്യതയെന്നും ഈ രംഗങ്ങളില്‍ വിജയിച്ച അദീബ് അഹമ്മദ് വിശദീകരിച്ചു. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സെപ) രൂപീകരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ്് തന്നെ ഇന്ത്യയും, യുഎഇ-യും തമ്മില്‍ ബിസിനസ് രംഗത്ത് മികച്ച നേട്ടം കൊയ്യാനായെന്ന് എ.ഐ.എം ഗ്ലോബല്‍ 2023-നോടനുബന്ധിച്ച് ഇന്ത്യന്‍ പവിലയനില്‍ നടന്ന സെപയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അദീബ് അഹമ്മദ് പറഞ്ഞു. 170 രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, ഭരണ കര്‍ത്താക്കള്‍, ഉദ്യോഗസ്ഥ പ്രമുഖകര്‍ ഉള്‍പ്പെടെയുള്ളവരാണ് അബുബാദിയില്‍ നടന്ന എ.ഐ.എം ഗ്ലോബല്‍ 2023- ല്‍ പങ്കെടുത്തത്.