‘കോങ്ങാട് എംഎല്‍എ; അപമര്യാദയായി പെരുമാറി’; പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പരാതി

പാലക്കാട് :  ജില്ലാ ആശുപത്രിയില്‍ എംഎല്‍എയും ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കം. സിപിഎം നേതാവും കോങ്ങാട് എംഎല്‍എയുമായ കെ.ശാന്തകുമാരിയും ഡോക്ടര്‍മാരും തമ്മിലാണ് തര്‍ക്കമുണ്ടായത്.എംഎല്‍എ മോശം പരാമര്‍ശം നടത്തിയതായി ഡോക്ടര്‍മാര്‍ ആരോപിച്ചു. ‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന്’ എംഎല്‍എ പറഞ്ഞതായാണ് ഡോക്ടര്‍മാരുടെ ആരോപണം. കൊട്ടാരക്കരയില്‍ ഡൂട്ടിക്കിടയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന്റെ രോഷം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.

അതേസമയം, ആരോപണം എംഎല്‍എ നിഷേധിച്ചു. ഭര്‍ത്താവിനെ തൊട്ടുനോക്കിയാണ് ഡോക്ടര്‍ മരുന്നു കുറിച്ചതെന്ന് എംഎല്‍എ ആരോപിച്ചു. തെര്‍മോമീറ്റര്‍ ഉപയോഗിക്കാത്തതാണ് ചോദ്യം ചെയ്തതെന്നും അവര്‍ പറഞ്ഞു. രോഗിക്കു വേണ്ട പരിഗണന ലഭിച്ചില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

പനിയെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഡോക്ടറെ കാണിക്കാനാണ് ഇന്നലെ രാത്രി എട്ടോടെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയത്. വേണ്ട രീതിയില്‍ പരിശോധനയും പരിഗണനയും കിട്ടിയില്ലെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടെ എംഎല്‍എയുടെ ഭാഗത്തു നിന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമര്‍ശം ഉണ്ടായെന്നാണ് പരാതി. എംഎല്‍എ പിന്നീട് ഭര്‍ത്താവിനെയും കൂട്ടി മടങ്ങുകയും ചെയ്തു.

സംഭവം വിവാദമായതോടെ ഗവ.ഡോക്ടര്‍മാരുടെ സംഘടന രാത്രി തന്നെ അടിയന്തര യോഗം ചേര്‍ന്നു. ഇന്നു വിശദ യോഗം ചേര്‍ന്ന് പരാതിയുമായി മുന്നോട്ടു പോകുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സൂചിപ്പിച്ചു. കൊട്ടാരക്കരയില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് തദ്ദേശ സ്ഥാപന മുന്‍ അധ്യക്ഷ കൂടിയായിരുന്ന ജനപ്രതിനിധിയുടെ പരാമര്‍ശവും വിവാദമാകുന്നത്