നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ തിരുവല്ലയില്‍ ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. കവിയൂര്‍ പഴംപള്ളിയില്‍ ജോര്‍ജുകുട്ടി എന്നയാളുടെ ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.പൊക്കിൾകൊടി പോലും മുറിച്ചു മാറ്റത്ത നിലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.
പുരയിടത്തില്‍ നിന്നും നവജാത ശിശുവിന്റെ കരച്ചില്‍ കേട്ട സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സീനിയര്‍ സിപിഒ മാരായ ജോജോ ജോസഫ്, എന്‍. സുനില്‍, സജിത്ത് ലാല്‍ തുടങ്ങിയവർ ചേര്‍ന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനിലയിൽ പ്രശ്നമൊന്നുമില്ലെന്ന് അശൂപത്രി അധികൃതർ വ്യക്തമാക്കി. പ്രസവിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.