കോവിഡിനെക്കാള്‍ മാരകമായ മഹാമാരി; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: അതിതീവ്ര വ്യാപന ശേഷിയുള്ള മഹാമാരിയെ നേരിടാന്‍ ലോകം സജ്ജമാകണമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡിനെക്കാള്‍ മാരകമായിരിക്കും പുതിയ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ 76-ാമത് അസംബ്ലിയില്‍ ഡബ്ല്യു.എച്ച്.ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ മഹാമാരിയുടെ വെളിപ്പെടുത്തല്‍. അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണമെന്നും അത് കൊവിഡിനേക്കാള്‍ അപകടകരമായേക്കാമെന്നും നമ്മള്‍ ജാഗരൂകരായിരിക്കണമെന്നും ടെഡ്രോസ് മുന്നറിപ്പ് നല്‍കുന്നു.

അടുത്ത് വരാന്‍ പോകുന്ന പകര്‍ച്ചവ്യാധിയെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ കാലേക്കൂട്ടി സ്വീകരിക്കാന്‍ ഡബ്ല്യു.എച്ച്.ഒ തലവന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെ പിന്‍വലിച്ചെങ്കിലും ആഗോള ആരോഗ്യ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാര്‍ഢ്യത്തോടയും മനക്കരുത്തോടെയും ഇനി വരുന്ന മഹാമാരിയെയും നേരിടാന്‍ നമ്മള്‍ തയ്യാറാകണമെന്ന് ടെഡ്രോസ് അദാനോം പറഞ്ഞു.

ലോകത്തുണ്ടായ 76,68,95,075 കോവിഡ് കേസുകളില്‍ 69,55,889 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഇതുവരെയുള്ള കണക്ക്. എന്നാല്‍, 1 കോടി 49 ലക്ഷത്തോളം ആളുകള്‍ കൂടി മരിച്ചിരിക്കാമെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് ഔദ്യോഗിക രേഖയായി പരിഗണിച്ചിട്ടില്ല. ദക്ഷിണപൂര്‍വേഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേര്‍ മരിച്ചത്. ഇതിനിടെ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് മുമ്പ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം, 2020, 2021 വര്‍ഷങ്ങളില്‍ 47 ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചെന്നാണ് കണക്കുകൂട്ടല്‍.

ലോകത്തുണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ലോകജനസംഖ്യയുടെ 50% ഉള്‍ക്കൊള്ളുന്ന 20 രാജ്യങ്ങളിലാണ് ആകെ മരണത്തിന്റെ 80% സംഭവിച്ചത്. സര്‍ക്കാരുകള്‍ നല്‍കിയ കണക്കു പരിശോധിച്ചാല്‍, പാക്കിസ്ഥാനില്‍ അതിന്റെ 8 ഇരട്ടിയും റഷ്യയില്‍ 3.5 ഇരട്ടിയും മരണമുണ്ടായി. യുഎസില്‍ 8.2 ലക്ഷമായിരുന്നു 2021 വരെയുള്ള ഔദ്യോഗിക മരണ കണക്ക്. എന്നാല്‍, 9.3 ലക്ഷം പേര്‍ കൂടി മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകളോടു ചേര്‍ന്നുപോകുന്ന കണ്ടെത്തലുകളും പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ലോകത്താകമാനം 13,352,935,288 ഡോസ് വാക്‌സിനുകള്‍ ഇതിനോടകം വിതരണം ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.