ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; രോഗി കസ്റ്റഡിയില്‍

തിരുവനന്തപുരം ആരോഗ്യപ്രവര്‍ത്തക സംരക്ഷണ ഓര്‍ഡിനന്‍സിന്റെ വിജ്ഞാപനം പുറത്തിറങ്ങിയ ദിവസം തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റം. രോഗിയെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ ബാലരാമപുരം സ്വദേശി സുധീറിനെയാണ് (45) മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 7:45 നായിരുന്നു സംഭവം. ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ റസിഡന്റുമാരായ ഡോക്ടര്‍ സന്തോഷ് ,ഡോക്ടര്‍ ശിവ ജ്യോതി എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡിസ്‌ക് പ്രശ്‌നത്തെ തുടര്‍ന്ന് നടുവേദനയായി ചികിത്സയ്ക്ക് എത്തിയതാണ് സുധീര്‍. ഇയാളുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനകള്‍ നടത്തിവരികയായിരുന്നു. ശാസ്ത്രക്രിയ ഉടനെ വേണമെന്ന് സുധീര്‍ രാവിലെ തന്നെ ആവശ്യപ്പെട്ടെങ്കിലും സീനിയോറിറ്റി പ്രകാരമേ ശസ്ത്രക്രിയ നടത്താനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരോടും സുധീര്‍ ഇത് സംബന്ധിച്ച് സംസാരിച്ച് തട്ടിക്കയറി. ഡോക്ടര്‍മാരെ അസഭ്യം വിളിച്ചു. ഡോക്ടര്‍ സന്തോഷിനെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഇത് തടയാന്‍ എത്തിയ ഡോക്ടര്‍ ശിവജ്യോതിക്കുനേരെയും കയ്യേറ്റശ്രമമുണ്ടായി. തുടര്‍ന്ന് ഇയാളെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞുവച്ചു. മെഡിക്കല്‍ കോളേജ് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി കസ്റ്റഡിയിലെടുത്തു.