ഹോട്ടലുടമയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ തിരൂരിലെത്തിച്ചു; ചോദ്യം ചെയ്യും

കോഴിക്കോട് : ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്നും തിരൂരിലെത്തിച്ചു. ചെന്നൈയിൽ നിന്ന് പിടിയിലായ പ്രതികളായ ഷിബിലി, ഫർഹാന തുടങ്ങിയവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്പി ഓഫീസിലേക്ക് എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽവിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് കരുതുന്നത്. കൊലപാതകം നടത്തിയതിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ പോലീസിന് അറിയേണ്ടതുണ്ട്. മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും വ്യക്തമാകണം. ട്രോളിയും കട്ടറും മറ്റും വാങ്ങാൻ പ്രതികൾ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഈ സംശയം ബലപ്പെട്ടത്. പണമോ മറ്റോ അപഹരിക്കാനുള്ള ശ്രമത്തിനിടെ സിദ്ധിഖ് കൊല്ലപ്പെട്ടപ്പോൾ തെളിവ് നശിപ്പിക്കാൻ ചെയ്തതാവാമെന്നാണ് ഇപ്പോഴത്തെ സംശയം. ഹോട്ടൽ മുറിയിൽ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. ഉച്ചക്ക് ശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക. കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂർ കോരങ്ങാട് ജുമാ മസ്ജിദിൽ ഇന്നലെ അർധരാത്രിയോടെ ഖബറടക്കി.