കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം

ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിത്തം. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് പടർന്നുവെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചത്തിന്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്. നേരത്തെ കോർപ്പറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.