മലയാളി യുവാവ്‌ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

കൊല്ലം: യു.എസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ്‌ വെടിയേറ്റു മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ അഴകത്തു വീട്ടില്‍ റോയ്‌-ആശ ദമ്പതികളുടെ മകന്‍ ജൂഡ്‌ ചാക്കോ (21) യാണു കൊല്ലപ്പെട്ടത്‌. ജോലികഴിഞ്ഞു മടങ്ങുമ്പോള്‍ അജ്‌ഞാതന്‍ ജൂഡിനു നേരേ നിറയൊഴിക്കുകയായിരുന്നു. ഞായറാഴ്‌ചയായിരുന്നു സംഭവം. പരുക്കുകളോടെ ജൂഡിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോഷണശ്രമത്തിനിടെയാണു വെടിയേറ്റതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ജൂഡ്‌ ചാക്കോയുടെ കുടുംബം 30 വര്‍ഷം മുന്‍പ്‌ അമേരിക്കയില്‍ കുടിയേറിയതാണ്‌. ജൂഡ്‌ ജനിച്ചതും വളര്‍ന്നതും അവിടെയാണ്‌. കൊട്ടാരക്കര കിഴക്കേത്തെരുവിലാണ്‌ ജൂഡിന്റെ അമ്മ ആശയുടെ വീട്‌. ബി.ബി.എ. വിദ്യാര്‍ഥിയായ ജൂഡ്‌ പഠനത്തോടൊപ്പെം ജോലിയും ചെയ്‌തിരുന്നു. സംസ്‌കാരം ഫിലഡല്‍ഫിയയിലെ പള്ളിയില്‍ പിന്നീടു നടക്കും.