വിദ്യാര്‍ത്ഥികൾക്ക് കണ്‍സഷന്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഡിപ്പോകളില്‍ പോയി ക്യൂ നില്‍ക്കേണ്ട. അടുത്ത മാസം ആദ്യത്തോടെ ഓണ്‍ലൈനായി അപേക്ഷ നൽകാനാണ് ശ്രമം. സ്‌കൂള്‍/ കോളേജ് രേഖകള്‍ക്കു പുറമെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് കോപ്പികള്‍ കൂടി അപേക്ഷയ്ക്കൊപ്പം അയയ്ക്കണം. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
ഡിപ്പോയിലെ ജീവനക്കാര്‍ക്ക് യൂസര്‍നെയിമും പാസ്വേഡും നല്‍കി സൈറ്റില്‍ പ്രവേശിച്ച് അപേക്ഷകള്‍ പരിശോധിക്കാനാകും. അപേക്ഷിച്ച വിദ്യാര്‍ത്ഥിക്ക് തന്റെ അപേക്ഷ പരിശോധിച്ചോ, സ്വീകരിച്ചോ, നിരസിച്ചോ, കാര്‍ഡ് പ്രിന്റ് ചെയ്യുകയാണോ, റെഡിയായോ എന്ന് ഓണ്‍ലൈനിലൂടെ മനസിലാക്കാം. കണ്‍സഷന്‍ സംബന്ധിച്ച കെ.എസ്.ആര്‍.ടി.സിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഈ അദ്ധ്യയന വര്‍ഷം മുതലാണ് നടപ്പിലാകുന്നത്. നിലവിലുള്ള ചില സൗജന്യങ്ങള്‍ എടുത്തു കളയും.

നിലവില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിനുള്ള പ്രായപരിധി 25 ആയി കുറച്ചിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്‌കൂളുകളിലെയും, സ്പെഷ്യല്‍  സ്കൂളുകളിലെയും, സ്പെഷ്യലി ഏബിള്‍ഡ്, തൊഴില്‍ വൈദഗ്ദ്ധ്യം നല്‍കുന്ന കേന്ദ്രങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ രീതിയില്‍ തുടരും.
സ്വാശ്രയ കോളേജുകള്‍, സ്വകാര്യ അണ്‍ എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് സ്‌കൂളുകള്‍ എന്നിവയില്‍ യഥാര്‍ത്ഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാര്‍ത്ഥിയും 35 ശതമാനം തുക മാനേജ്മെന്റും ഒടുക്കേണ്ടതാണ്. കണ്‍സഷന്‍ 30 ശതമാനം നിരക്കിലാണ് അനുവദിക്കുക.