പൊതുജനത്തിന് വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതല്‍ വൈദ്യുതിക്ക് ചാര്‍ജ് കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് വർധിക്കുക. നിലവിലെ ഒമ്പത് പൈസയ്ക്ക് പുറമെയാണിത്. മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാർഹിക ഉപഭേക്താക്കൾക്ക് സുക്ഷ്മതയുള്ള ഉപയോഗത്തെ കൂട്ടിയ നിരക്കിൽ നിന്നും ഒഴിവാകാനുള്ള മാർഗമാണിത്. നിലവില്‍ ഈടാക്കുന്ന ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം വന്നതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് പത്ത് പൈസ കൂടി കൂട്ടാന്‍ കെഎസ്ഇബിയും തീരുമാനം എടുത്തത്. കഴിഞ്ഞ ജൂലൈ മുതല്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിനാണ് ഉപഭോക്താക്കളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫ് നല്‍കുന്നവരെയും പത്ത് പൈസ സര്‍ചാര്‍ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം അതത് മാസത്തെ നഷ്ടം നികത്താൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ തന്നെ പത്തുപൈസ വരെ യൂണിറ്റിന് സർചാർജ്ജ് ഈടാക്കാം. ഇതും കൂട്ടിച്ചേർത്താണ് 19 പൈസ അധികം പിരിക്കുന്നത്