നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലിയടക്കം മൂന്ന് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

തൃശ്ശൂര്‍:  സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. 39 വയസായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം.വടകരയിൽ നിന്നും പരിപാടി കഴിഞ്ഞു വരുകയായിരുന്നു .അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴിച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്കു പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു.
ടെലിവിഷൻ പരിപാടികളിലൂടെയാണ് സുധി സിനിമാരം​ഗത്ത് എത്തുന്നത്.
2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ മറച്ച് വെക്കാന്‍ തയ്യാറാവാതെ പലപ്പോഴായി തുറന്ന് പറഞ്ഞ താരം കൂടിയാണ് സുധി കൊല്ലം. ആദ്യ ഭാര്യ പിണങ്ങിപ്പോയത് മുതല്‍ കൊറോണ സമയത്ത് നേരിട്ട വിവാദങ്ങളില്‍ വരെ പൊതുസമൂഹത്തോട് തനിക്ക് പറയാനുള്ളത് കൊല്ലം സുധി മറച്ച് വെക്കാതെ പങ്കുവെച്ചിട്ടുണ്ട്.
ജീവിതത്തിൽ ഇത്ര വലിയ വേദനയുടെ കഴിഞ്ഞ കാലമുണ്ടെന്ന് ഞാൻ ഒരു ചാനലിൽ വെളിപ്പെടുത്തും വരെ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂവെന്നാണ് ആദ്യ വിവാഹത്തിലെ തകർച്ചയെ കുറിച്ച് സുധി കൊല്ലം വ്യക്തമാക്കിയത്. പ്രണയ വിവാഹമായിരുന്നു അത്. ഒരു കുഞ്ഞും പിറന്നു.
എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ട് നിന്നില്ല. ‘ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്.’ – എന്നായിരുന്നു സുധി ആദ്യ ഭാര്യയെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നേരത്തെ പറഞ്ഞത്. പിന്നീട് താനും മകനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ച് പിടിച്ചതെന്നും താരം അഭിപ്രായപ്പെടുന്നു.

ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യയും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെയാണെന്നും ഭാര്യ രേണുവിനെയും മക്കളായ രാഹുലിനെയും ഋതുലിനെയും ചേർത്തു പിടിച്ചുകൊണ്ട് സുധി അന്ന് പറഞ്ഞു.
കൊറോണ സമയത്താണ് സുധിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ചിലർ രംഗത്ത് വരുന്നത്. ഇതിനും തക്കതായ മറുപടി താരത്തിനുണ്ടായിരുന്നു. സുധി നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയെന്നും എന്നാല്‍ പറഞ്ഞ സമയത്ത് തിരികെ കൊടുത്തില്ലെന്നുമായിരുന്നു ആരോപണം. കൊറോണ സമയത്ത് കുറേപ്പർ സഹായിച്ചിട്ടുണ്ട്. വർക്ക് ഇല്ലാത്തതിനാലാണ് അതൊക്കെ തിരികെ കൊടുക്കാന്‍ വൈകിയത്. പരിപാടികള്‍ വരുന്നതോടെ എല്ലാ പൈസയും കൊടുത്തു തീർക്കുമെന്നും താരം വ്യക്തമാക്കി.
എന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും അപവാദം പറയുകയാണ്. എന്നെ എത്രത്തോളം സാധ്യമാകുമോ അത്രത്തോളം താഴ്ത്തിക്കെട്ടുവാണ്. ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ തന്നെ ഒരുപാട് വീഡിയോകളും പോസ്റ്റുകളും അവര്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്. ഞാന്‍ എല്ലാവരേയും സന്തോഷിപ്പിക്കുന്ന കലാകാരനല്ലേ. നിങ്ങളില്‍ നല്ല മനസുള്ളവര്‍ എന്നെ പിന്തുണയ്ക്കണം. നല്ല വിഷമത്തോടു കൂടിയാണ് ഞാനിത് പറയുന്നത്. ദയവ് ചെയ്ത് ഉപദ്രവിക്കാതിരിക്കുക”. – എന്നും അന്ന് സുധി പറഞ്ഞിരുന്നു.