ഇൻഷൂറൻസ് പരിരക്ഷയില്ലാതെ ക്ഷീര കർഷകർ.

 

വയനാട് : ഇൻഷൂറൻസ് പരിരക്ഷയില്ലാതെ ക്ഷീര കർഷകർ. നിലവിലെ ക്ഷീര സാന്ത്വനം പദ്ധതി മുന്നറിയിപ്പില്ലാതെ നിർത്തലാക്കി. ക്ഷീരകർഷകരെ കൈയ്യൊഴിഞ്ഞ് ക്ഷീര വികസന വകുപ്പ്.

പാലിന് വില വർദ്ധിപ്പിച്ചിട്ടും മിൽമക്കും കർഷകനോട് കരുതലില്ല.നിരവധി നാളത്തെ നിലവിളികൾക്കൊടുവിലാണ് സംസ്ഥാനത്ത് രോഗികളാവുന്ന ക്ഷീരകർഷകർക്ക് ചികിത്സാ സഹായത്തിനായി ഇൻഷൂറൻസ് സംവിധാനം ഏർപ്പെടുത്തിയത്. ക്ഷീര വികസന വകുപ്പും മിൽമയും ചേർന്ന് 2800 രൂപ പ്രീമിയം അടച്ച് രണ്ട് ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കുന്നതായിരുന്നു ക്ഷീര സാന്ത്വനം എന്ന പേരിൽ നിലവിലുണ്ടായിരുന്ന പദ്ധതി. ക്ഷീരകർഷകന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ നടപ്പിലാക്കിയിരുന്ന ഈ പദ്ധതി സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക്ഷീര കർഷകർക്ക് വലിയൊരു ആശ്വാസമായിരുന്നു. പുതിയ പദ്ധതി വരുമെന്ന് വാർത്ത പ്രചരിപ്പിച്ച് മുന്നറിയിപ്പില്ലാതെ 2023 മാർച്ച് 31-ന് പദ്ധതി നിർത്തലാക്കി.ക്ഷീരമേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വയനാട്ടിലെ ഇരുപതിനായിരത്തിലധികം പേർ ഉൾപ്പടെ സംസ്ഥാനത്തെ ലക്ഷകണക്കിന് കർഷകരെയാണ് യാതൊരു സുരക്ഷയും പരിരക്ഷയുമില്ലാത്തവരായി കൈയ്യൊഴിഞത്. മുമ്പുണ്ടായിരുന്ന ക്ഷീര സാന്ത്വനം പദ്ധതി പോലെ ക്ഷീര കർഷകന് ബാധ്യത ഇല്ലാത്ത വിധം മിൽമയും ക്ഷീരവികസന വകുപ്പും ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നാണാവശ്യം.