വയനാട്ടിൽ പോത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്

വയനാട് : വയനാട്ടിൽ പോത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്. കമ്പളക്കാട് പള്ളിമുക്ക് ഈന്തന്‍ അഷ്റഫിനാണ് (45) പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കമ്പളക്കാട് നിന്നും
വിരണ്ട് ഓടിയ പോത്ത് കണിയാമ്പറ്റയിലെ സ്വകാര്യ സർവീസ് സ്റ്റേഷന് പിന്നിൽ നിലയുറപ്പിച്ചു. ഇവിടേക്ക് എത്തിയ അഷ്റഫിനെ പോത്ത് ആക്രമിക്കുകയായിരുന്നു. വലത്തെ കാലിനാണ് ആഴത്തിൽ കുത്തേറ്റത്. 20 മിനിറ്റോളം കൊമ്പിൽ നിന്നും കാൽ ഊരിയെടുക്കാൻ സമയമെടുത്തു. നാട്ടുകാർ പോത്തിനെ പിടിച്ചു കെട്ടിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാർ അഷ്റഫിനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മിംസിലേക്ക് മാറ്റി.