സുധാകരാ…വൈകിയിട്ടില്ല. ഇനിയെങ്കിലും രാജിവെയ്ക്കു

നമ്മുടെ ജനാധിപത്യ രാജ്യത്ത് അധികാര സ്ഥാനത്ത് ഇരിക്കുന്നയാൾ അല്ലെങ്കിൽ രാഷ്ട്രിയ നേതൃസ്ഥാനത്ത് ഇരിക്കുന്നയാൾ ഏതെങ്കിലും വിധേനെ ആരോപണ വിധേയനായാൽ അവർ ഇരുക്കുന്ന സ്ഥാനം രാജിവെയ്ക്കുക എന്നുള്ളതാണ് രാഷ്ട്രിയ ധാർമ്മികത. തനിക്കെതിരെയുള്ള ആരോപണം തെറ്റായിരുന്നെന്ന് തെളിയിച്ചുകൊണ്ട് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തുമ്പോഴാണ് അവർ യഥാർത്ഥ നേതാക്കളും മികച്ച ഭരണാധികാരികളും പ്രിയപ്പെട്ട ജനസേവകരും ആകുന്നത്. അല്ലാതെ ആർക്കെതിരെയെങ്കിലും കോടതി പരാമർശമോ അറസ്റ്റോ ഉണ്ടായാൽ അതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നും പറഞ്ഞ് ആരുടെയൊക്കെ പ്രേരണയാലും ശരി അധികാരസ്ഥാനങ്ങളിലോ ഭാരവാഹിത്വങ്ങളിലോ കടിച്ചു തൂങ്ങുന്നത് ജനങ്ങളോട് മാത്രമല്ല ജനാധിപത്യത്തോടും കൂടിയുള്ള വെല്ലുവിളിയാണ്. ഇത് ഇവിടെ പറയാൻ കാരണം പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിൽ ആയ മോൻസൻ മാവുങ്കലുമായി ചേർന്ന് സാമ്പത്തിക തട്ടിപ്പുനടത്തിയെന്നാരോപിച്ച് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സുധാകരൻ്റെ രാജിയ്ക്കായി നാടുമുഴുവൻ മുറവിളി ഉയരുന്നെങ്കിലും കോൺഗ്രസിലെ ഒരു ഭാഗവും നേതാക്കളും സുധാകരനും ഇത് കണ്ടതായി ഭാവിക്കുന്നില്ല. സുധാകരൻ ഒരവസരത്തിൽ രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെപ്പോലുള്ളവർ അദേഹം രാജിവെയ്ക്കേണ്ട എന്ന നിലപാട് ആണ് സ്വീകരിച്ചത്. പുനർജനി പണപ്പിരിവ് വിഷയത്തിൽ സതീശനും ആരോപണ വിധേയനാണ്. നാളെ പ്രതിപക്ഷ നേതൃസ്ഥാനം പോകാൻ ഇടയുണ്ടെന്ന ചിന്തയാകാം ഈ അവസരത്തിൽ കെ.സുധാകരനെ രാജിയിൽ നിന്ന് പിൻതിരിപ്പിക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നതെന്ന് അനുമാനിക്കാം. എന്നിരുന്നാൽ പോലും കേരളത്തിലെ കോൺഗ്രസിലെ പല സീനിയർ നേതാക്കൾക്കും സുധാകരൻ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെയ്ക്കണം എന്ന നിലപാട് ആണ് ഉള്ളതെന്നാണ് അറിയാൻ സാധിക്കുന്നത്. വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരെപ്പോലുള്ളവർ ഈ വിഷയത്തിൽ മൗനം ഭജിക്കുന്നത് തന്നെ അതിനുള്ള തെളിവായാണ് കാണേണ്ടത്. മറ്റൊന്ന് കെ സുധാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശിയ നേതാവ് കൂടിയല്ലെ. എന്നിട്ടും ദേശിയ കോൺഗ്രസ്സിൽ ആരും തന്നെ സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അറസ്റ്റ് രേഖപ്പെടുത്തി ഇത്ര ദിവസം കഴിഞ്ഞിട്ടും തട്ടിപ്പ് വീരനായ മോൻസനെ തള്ളിപ്പറയാൻ സുധാകരന് കഴിഞ്ഞിട്ടില്ലെന്നതും ചിന്തിക്കാൻ പറ്റുന്നതല്ല. ഇങ്ങനെ നോക്കുമ്പോൾ എന്താണ് നാം മനസിലാക്കേണ്ടത്.
ആരാണ് ഈ മോൺസൺ ?. പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ഗർഭിണിയാക്കി അവിടെ തന്നെ തടവിൽ വെച്ച് ഗർഭശ്ചിദ്ര൦ നടത്തി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന, പുരാവസ്തു തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന ഒരു പെരും കള്ളൻ. അയാളെയാണ് കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്ത് ഇരിക്കുന്ന ഒരു മഹനീയ വ്യക്തി ന്യായികരിക്കുന്നത്. 2021 ലെ മോൻസന്റെ ഒരു വീഡിയോ കണ്ടിരുന്നു.. എന്റെ കയ്യിൽ കോടിക്കണക്കിന് രൂപയുണ്ടെന്ന് അറിയാവുന്ന ആളാണ് കെ സുധാകരൻ എന്നും, അദ്ദേഹം സ്ഥിരം എന്റടുക്കൽ വരാറുണ്ട് എന്നും ആ വീഡിയോയിൽ മോൻസൻ പറയുന്നുണ്ട്. അത് ശരിവെക്കുന്ന തരത്തിൽ “എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്ത് തന്ന ആളാണ് മോൻസൻ എന്നും ഞാനും സഹായിച്ചിട്ടുണ്ട് എന്നും അയാളോട് ഒരു ശത്രുതയും ഇല്ലെന്നും യാതൊരു ഉളുപ്പും ഇല്ലാതെ സമൂഹത്തോട് പറഞ്ഞ അല്പത്തമാണ് കെ.പി.സി.സി പ്രസിഡൻ്റ് സുധാകരനിൽ എല്ലാവരും കണ്ടത്. തൻറെ കച്ചവടങ്ങൾക്ക് എല്ലാം സുധാകരന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് മോൻസൺ ആവർത്തിച്ചു പ്രസ്താവിച്ചപ്പോൾ സുധാകരൻ പത്രസമ്മേളനം വിളിച്ചുപറഞ്ഞു മോൻസണ് എതിരെ കേസ് കൊടുക്കും എന്ന് . എന്നിട്ട് എന്തെ സുധാകരൻ മോൻസനെതിരെയുള്ള കേസിൽ നിന്ന് പിന്നോക്കം പോയി. സോഷ്യൽ മീഡിയായിലും മറ്റും കോൺഗ്രസുകാരുടെ പോസ്റ്റുകൾ ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ .ഒരൊറ്റയാളും ഇതിനൊന്നും മറുപടി പറയുന്നില്ല എന്നത് കാണാം .അവർ ആകെ പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കോൺ ഗ്രസ് നേതാക്കൾക്കെതിരെ വെറുതെ കേസെടുക്കുന്നു എന്നാണ് , വിജയാ നിന്നെ കണ്ടോളാം , നിൻറെ പേരിൽ പല കേസും വരുന്നുണ്ട് ,ഞങ്ങൾ നിൻറെ പേരിൽ കേസ് എടുക്കും എന്നൊക്കെ ചെലക്കുകയല്ലാതെ ഒരുത്തനും സുധാകരൻ മോണ്‍സന്റെ ആശ്രമത്തില്‍ കഴിഞ്ഞ കാലത്തെ പറ്റി ഒന്നും പറയുന്നില്ല . സുധാകരന്റെ ഇപ്പോഴത്തെ വയസ്സ് 76 . 70 വയസ്സ് കഴിഞ്ഞശേഷമാണ് സുധാകരൻ മോന്‍സന്റെ ചികിത്സയ്ക്ക് എത്തുന്നത് . കണ്ണിനു താഴെ തൊലിയിലായി ചെറിയ കറുപ്പ് നിറം പടർന്നതാണത്രേ ചികിത്സ തേടി ചെല്ലാൻ കാരണമത്രേ .50 വയസ്സ് ആകുമ്പോഴേക്ക് തന്നെ മനുഷ്യരുടെ ഒക്കെ കണ്ണിനു താഴെ കറുപ്പുപടരാൻ തുടങ്ങും .ഇയാൾ 70 വയസ്സ് കഴിഞ്ഞ ശേഷവും കണ്ണിനു താഴെ കറുപ്പുപടരാൻ പാടില്ല കുഞ്ഞുങ്ങളുടെ കവിള് പോലെ ആയിരിക്കണം എന്നും വിചാരിച്ചു സുധാകരൻ മോൻസണിന്റെ അടുത്ത് ചെന്നു എന്നാണ് നമ്മൾ കരുതേണ്ടത് .
കണ്ണൂരിലുള്ള സുധാകരൻ ഈ ചികിത്സക്ക് എന്തിനാണ് മോന്‍സണിന്റെ അടുത്ത് ചെന്നത്
അയാള്‍ അങ്ങനെ കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്കിൻ സ്പെഷലിസ്റ്റ് ആയിരുന്നോ ? അല്ല . അയാള്‍ സ്പെഷ്യലിസ്റ്റ് പോയിട്ട് ഡോക്ടർ പോലുമല്ല . കണ്ണൂരിൽ തന്നെ ഇഷ്ടംപോലെ സ്പെഷ്യലിസ്റ്റ് മാർ ഉണ്ടായിട്ടും എന്തിനാണ് സുധാകരൻ കൊച്ചിയിലുള്ള തട്ടിപ്പുകാരന്റെ അടുത്ത് ചെന്നത് ?.ഇത്രയും ഉന്നത നേതാവായ ഒരാൾക്ക് അവിടെ എത്തിയിട്ടും അയാൾ കള്ളത്തരക്കാരൻ ആണ് എന്ന് മനസ്സിലായില്ലേ ?. സുധാകരന് അവിടെ നിന്ന് എന്ത് ഓയിൻ മെൻ്റ് ആണ് കിട്ടിയത് ?
തൊലിക്ക് പുറമെ ഓയന്റ്മെൻറ് പുരട്ടാന്‍ ആരെങ്കിലും ആഴ്ചകളോളം എവിടെയെങ്കിലും താമസിക്കുമോ ?
പുരട്ടാനുളള ക്രീമും വാങ്ങി വീട്ടിൽ പോവുകയല്ലേ ചെയ്യുക. ജനങ്ങളുടെ ചിന്താശക്തിയെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് സുധാകരൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനെയാണ് സാമന്യ ജനം ചോദ്യം ചെയ്യേണ്ടത്. നമ്മുടെ സംസ്ഥാനത്ത് ആക്ഷേപം ഉണ്ടായപ്പോൾ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയ ആളാണ് വി.എം.സുധീരൻ, ചാരയ നിരോധനത്തിൽ ജനം തനിക്ക് അനുകൂലം അല്ലെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി സ്ഥാനം ഏ.കെ ആൻ്റണി രാജിവെച്ചു. വിമാനത്തിൽ സ്ത്രീ വിഷയം ആരോപിക്കപ്പെട്ടപ്പോൾ മന്ത്രി സ്ഥാനം രാജിവെച്ച് അഗ്നി ശുദ്ധി വരുത്തി തിരികെ വന്ന് മന്ത്രിസ്ഥാനം ഏറ്റയാളാണ് ഇന്ന് യു.ഡി.എഫിൽ ഉള്ള ഒരു ഘടക കക്ഷിയുടെ നേതാവ് പി.ജെ.ജോസഫ്. ബാർ കോഴയിൽ കോടതി പരാമർശം വന്നപ്പോൾ കെ.എം.മാണി മന്ത്രി സ്ഥാനം രാജിവെച്ച് മാതൃകയായതും മറക്കാവുന്നതല്ല. അത്തരം ഒരു മാതൃകയാണ് ഇപ്പോൾ കെ.പി.സി.സി പ്രസിഡൻ്റ് സുധാകരനിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത്. മുൻപ് കെപിസിസി പ്രസിഡണ്ട്മാരായിട്ടുളള അഞ്ചെട്ടു പേർ, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് .അവരാരും സുധാകരനെ അനുകൂലിച്ച് ഒരക്ഷരം പറയുന്നില്ല എന്നതും നോക്കി കാണേണ്ടതാണ്. സുധാകരന്റെ കെഎസ് ബ്രിഗേഡിനെ പേടിച്ച് അവരൊന്നും എതിർത്ത് ഒരക്ഷരവും പറയുന്നില്ലെന്ന് മാത്രം . പക്ഷേ, ഇവരോക്കെ മിണ്ടുവോ മിണ്ടാതിരിക്കുവോ ചെയ്യട്ടെ. ഈ വിഷയത്തിൽ സുധാകരനാണ് മാന്യമായ തീരുമാനം എടുക്കേണ്ടത്. എംപി നാരായണമേനോനും മുഹമ്മദ് അബ് ദു റഹ്മാൻ സാഹിബും സികെ ഗോവിന്ദൻ നായരും ഒക്കെയിരുന്ന കസേരയിലാണ് താങ്കൾ ഇപ്പോൾ ഇരിക്കുന്നതെന്ന് ഓർത്താൽ നന്ന്. ഉപ്പ് തിന്നിട്ടുണ്ടെങ്കിൽ…
വെള്ളം കുടിച്ചിരിക്കും… അത് ഇനി ഏത് സിങ്കം ആയാലും….