കൊച്ചി: കുടുംബശ്രീ സംഘത്തിന്റെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ്. വ്യാജരേഖകളുണ്ടാക്കിയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ സംഘം തട്ടിപ്പുനടത്തിയത്. ഒരു കോടിയിലേറെ രൂപയുടെ ഏഴു തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൗണ്‍സിലറുടെയും എ.ഡി.എസിന്റെയും വ്യാജ ഒപ്പും സീലും ഉണ്ടാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോർട്ട്. ബാങ്കില്‍ സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നി ബാങ്ക് ജീവനക്കാരാണ് വായ്പാ തട്ടിപ്പുസംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ വായ്പനല്‍കുന്ന പതിവുണ്ട്. കുടുംബശ്രീയുടെ വിവിധ ഘടകങ്ങളില്‍നിന്ന് അംഗീകരിച്ചുനല്‍കുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക. ഇത്തരത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ അനുവദിച്ചു നല്കിയ വായ്പയുടെ മറവിലാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചത്. അതുപോലെൂപോലെതന്നെ നിലവിലുള്ള ഗ്രൂപ്പുകളുടെ പേരില്‍ വ്യാജ സര്ട്ടിഫിക്കറ്റുകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്. കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അറിയാതെ അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും വ്യാജമായി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗ്രൂപ്പംഗങ്ങള്‍ നിലവില്‍ത്തന്നെ വായ്പയെടുത്തിട്ടുണ്ട്. അതിനു പിറകെയാണ് ഇവരുടെ പേരില്‍ വ്യാജമായി മറ്റൊരു വായ്പകൂടി തട്ടിപ്പുസംഘം എടുത്തിരിക്കുന്നു എന്നാണ് അറിഞ്ഞത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഡിവിഷന് തലത്തിലുള്ള ചെയര്‍പേഴ്സന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒക്കെ വ്യാജ ഒപ്പും സീലും ഉണ്ടാക്കുകയും ചെയ്തു. രണ്ട് ഡിവിഷനുകളിലായി ഏഴ് വായ്പാത്തട്ടിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതുതന്നെ ഒരു കോടിയിലധികം രൂപയുടേതാണ്.