എറണാകുളം: ജനറൽ ആശുപത്രിയിൽ രോഗികളെ കാണാനെത്തിയ രണ്ടുപേർ ഡോക്ടറെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു. മർദനമേറ്റ ഡോക്ടറും വനിതാ ഡോക്ടറും പുറത്തിരിക്കുകയായിരുന്നു. ഇതിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറാൻ പ്രതികൾ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഡോക്ടറെ ഇരുവരും ക്രൂരമായി മർദിക്കുകയായിരുന്നു. രണ്ടുപേരും ചേർന്ന് ഡോക്ടറെ അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അപ്രതീക്ഷിത ആക്രമണത്തിൽ ആദ്യം പകച്ചുപോയ ഡോക്ടർ, പിന്നാലെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് സെക്യൂരിറ്റി ജീവനക്കാരും ആശുപത്രിയിൽ ഉള്ളവരും സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഡോക്ടർമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീൽ, റോബിൻ എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ്ചെയ്തു.