വയനാട് : 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന റെയ്സ് ടു നെറ്റ് സീറോ – എടവക എന്ന കാലാവസ്ഥ അതിജീവന കൃഷി പദ്ധതിയുടെ ഭാഗമായി, അടിസ്ഥാന വിവര ശേഖരണത്തിനായുള്ള
ഡ്രോൺ മാപ്പിംഗ് സർവ്വേയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് ഡിജിറ്റൽ സർവേയുടെ ഉദ്ഘാടനം ഡ്രോൺ പറത്തി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.
പ്രോജക്ട് കോ ഓഡിനേറ്റർ കെ. സനൽ പദ്ധതി വിശദീകരണം നടത്തി.
പദ്ധതിയുടെ ഒന്നാം ഘട്ടമായ ഡ്രോൺ സർവേ യു.എൽ.സി.സി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കും. പഞ്ചായത്തിന്റെ അതിരുകൾ, വാർഡുകളുടെ അതിരുകൾ, റോഡുകളുടെ വിശദാംശങ്ങൾ, പഞ്ചായത്തിലെ മുഴുവൻ വീടുകളുടേയും കൃത്യമായ വിവര ശേഖരണം , തരിശുനിലങ്ങൾ, തോടുകൾ, പുഴകൾ , കുളങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ കൃത്യവും വസ്തു നിഷ്ഠവുമായ രേഖപ്പെടുത്തലുകൾ എന്നിവയെല്ലാം ഇതുവഴി സാധ്യമാകും.