സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേൾഫ്രണ്ട്’ എന്ന് പ്രസംഗം ന‌ടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് വിശ്വനാഥൻ പെരുമാളിനെതിരെ കേസ്

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശം നടത്തി കോൺഗ്രസ് നേതാവിനെതിരെ കണ്ണൂരിൽ കേസ്.ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഡിസിസി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിശ്വനാഥൻ പെരുമാൾ വിവാദ പരാമർശം നടത്തിയത്. എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ടാണ് എന്ന് പ്രസംഗിച്ചതിനാണ് കേസെടുത്തത്.
ഐപിസി 153 പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുതലയുണ്ടായിരുന്ന നേതാവാണ് തമിഴ്നാട്ടിൽ നിന്നുള്ള വിശ്വനാഥൻ പെരുമാൾ. ‘പിണറായി സർ, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേൾഫ്രണ്ടായ സ്വപ്നാ സുരേഷിന് എങ്ങനെയുണ്ട്? എന്നായിരുന്നു പെരുമാളിന്റെ പ്രസംഗംത്തിൽ വന്നത്.

കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ സിപിഎം പ്രവർത്തകനാണ് പി.കെ.ബിജുവാണ് പൊലീസിൽ പരാതി നൽകിയത്. പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാൻ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് പരാതി.