കേരളത്തിലേക്ക് പറന്നെത്തിയത് ക്ഷേത്രത്തിലെ നിധിതേടി . മോഷണം തുടങ്ങിയത് എവറസ്റ്റ് കീഴടക്കുന്നതിന് പണം കണ്ടെത്താൻ
തിരുവനന്തപുരം: ഹൈദരാബാദിൽനിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ സംപതി ഉമാപ്രസാദ് സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കിയാണ് മോഷണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ലോകത്തിലെ ഏറ്റവും വലിയ നിധിയൊളിപ്പിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കഥകളാണ് തെലങ്കാന സ്വദേശിയായ സംപതിയെ അനന്തപുരിയിലെത്തിച്ചത്. ക്ഷേത്രം കാണാനെത്തി ഇവിടെ താമസിച്ച് നഗരം കണ്ട് മോഷണവും നടത്തി തിരികെപ്പോയ സംപതിയെ രണ്ടാം വരവിൽ വിമാനത്താവളത്തിൽ വച്ചാണ് പോലീസ് വലയിലാക്കി.
തെലങ്കാനയിലെ ഖമ്മം സ്വദേശിയായ കർഷക കുടുംബാംഗമായ 23-കാരനായ സംപതി ചെറുപ്പത്തിലേ മോഷണം ശീലമാക്കി. 14-ാം വയസ്സിൽ പോലീസ് പിടിയിലായി. ജുവനൈൽ ഹോമിൽ നിന്നിറങ്ങി സുഹൃത്തുക്കളുമായി ചേർന്ന് വീണ്ടും മോഷണം തുടർന്നു. കേസുകൾ കൂടിയതോടെ വിദ്യാർഥിയായ സംപതിയുടെ സംരക്ഷണം പ്രദേശത്തെ പോലീസ് ഓഫീസർ ഏറ്റെടുത്തു. സ്കൂളിൽ ചേർത്ത് പഠിപ്പിക്കുകയും സൈന്യത്തിൽ ചേരാനുള്ള പരിശീലനത്തിന് അയയ്ക്കുകയും ചെയ്തു. സൈന്യത്തിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചതോടെ പട്ടാളക്കാരനാകണമെന്ന ആഗ്രഹം ഉപേക്ഷിച്ച് ഇയാൾ നാടുവിട്ടു. മാതാപിതാക്കളും രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബവീട്ടിലേക്ക് പോകാതെ കൂട്ടുകാരോടൊപ്പം മോഷണവും സഞ്ചാരവുമായി ഊരുചുറ്റാനാരംഭിച്ചു. പർവതാരോഹണവും സാഹസികതയും ഇഷ്ടപ്പെട്ടിരുന്ന സംപതിക്ക് എവറസ്റ്റ് കീഴടക്കണമെന്നതായിരുന്നു ജീവിതലക്ഷ്യം. ഇതിനുള്ള പണം കണ്ടെത്തുന്നതിനായി മോഷണം തുടങ്ങി. തെലങ്കാനയിലെ പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടിൽ നിന്ന് ഒരു കിലോ സ്വർണമാണ് ജനുവരിയിൽ മോഷ്ടിച്ചത്. ഈ കേസിൽ പോലീസിന്റെ പിടിയിലായി, പിന്നാലെ ജയിലിലും. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്.
ജൂൺ അഞ്ചിന് വിമാനമാർഗം തിരികെയെത്തി നേരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ തന്നെ മുറിയെടുത്തു. മോഷണം നടത്തേണ്ട വീടുകൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് നോക്കിവച്ചു. ഈ വീടിനടുത്തുള്ള ക്ഷേത്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവ ഗൂഗിൾ സ്ട്രീറ്റിൽ കണ്ടെത്തി പ്രദേശത്തേയ്ക്കുള്ള വഴികളും മറ്റ് അടയാളങ്ങളും മനസ്സിലാക്കി.
ജനൽക്കമ്പികൾ മുറിച്ച് വീടുകൾക്കുള്ളിൽ കയറാനായിരുന്നു തീരുമാനം. എന്നാൽ, തെലങ്കാനയിലേക്കാൾ വലിയ ജനലുകൾ ഇവിടത്തെ വീടുകളിലുള്ളത് തടസ്സമായി. ജനൽ മുറിച്ചുമാറ്റാനുള്ള ആയുധങ്ങൾ ഓൺലൈൻ സൈറ്റ് വഴി വാങ്ങി. താമസിച്ചിരുന്ന ഹോട്ടലിലെ ജനൽക്കമ്പി തന്നെ മുറിച്ചുമാറ്റി പരീക്ഷണം നടത്തി. രാത്രിയിൽ മോഷണം നടത്തിയ വീടിനടുത്തുള്ള ക്ഷേത്രങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ ഓട്ടോറിക്ഷയിലെത്തിയശേഷം വീടുകളിൽ നടന്നെത്തിയായിരുന്നു മോഷണം.
പലദിവസങ്ങളിലായി ആദ്യം വാഴപ്പള്ളി ജങ്ഷനിലെ രത്നമ്മയുടെയും പിന്നീട് മണക്കാട് സ്കൂളിനടുത്തെ നജാബിന്റെയും അവസാനം പേട്ട മൂലവിളാകം ലെയ്നിലെ മോഹനന്റെയും വീടുകളിൽ മോഷണം നടത്തി. കുറച്ച് സ്വർണം എടുത്തശേഷം ബാക്കി കവറിലാക്കി ചാക്ക മേൽപ്പാലത്തിന്റെ ഒരു തൂണിനടിയിലെ കരിങ്കൽ കഷണങ്ങൾക്കിടയിലാണ് സൂക്ഷിച്ചത്. ജൂലായ് ഒന്നിന് തിരിച്ച് ഹൈദരാബാദിലേക്ക് വിമാനം കയറി. മോഷണത്തിനായി ഒരു മാസത്തോളമാണ് സംപതി തിരുവനന്തപുരത്ത് താമസിച്ചത്.
പ്രതിയുടെ രൂപം തിരിച്ചറിയുകയെന്നതായിരുന്നു പോലീസിന്റെ വെല്ലുവിളി. മോഷണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് വീട്ടുകാർ സംഭവമറിയുന്നത്. അതുകൊണ്ടുതന്നെ എന്നാണ് മോഷണം നടന്നതെന്ന് തിരിച്ചറിയാനാകാത്തതും വെല്ലുവിളിയായി. നഗരത്തിൽ വീടുകളിലും സ്ഥാപനങ്ങളിലുമായി അറുപതിനായിരം ക്യാമറകൾ പോലീസ് പരിശോധിച്ചിട്ടുണ്ട്. ഇതിൽ നിന്ന് മോഷണം നടന്നതിന് സമീപത്തെ സ്ഥാപനങ്ങളിലെയും വീടുകളുടെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. പേട്ടയിൽനിന്ന് രാത്രിയിൽ മുഖം വ്യക്തമാകുന്ന ദൃശ്യം ലഭിച്ചു. ഇതുമായി മണക്കാട് ഭാഗത്ത് അന്വേഷിച്ചപ്പോഴാണ് ഇതുമായി സാമ്യമുള്ളയാൾ ഓട്ടോറിക്ഷയിൽ ഇവിടെയെത്തുന്ന സി.സി.ടി.വി. ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്. ഇയാളെത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവറെ പോലീസ് കണ്ടെത്തി. പഴവങ്ങാടിയിൽ നിന്ന് ഇങ്ങനെയൊരാൾ കയറിയതായി ഓട്ടോക്കാരൻ മൊഴി നൽകി.
കിഴക്കേക്കോട്ടയിലെയും പരിസരത്തെയും ഹോട്ടലുകളിൽ പോലീസ് സി.സി.ടി.വി. ദൃശ്യവുമായി പരിശോധന തുടർന്നു. ഇയാൾ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാർ സംപതിയെ തിരിച്ചറിയുകയും, ഒന്നാം തീയതി വിമാനത്തിൽ ഹൈദരാബാദിലേക്ക് മടങ്ങുന്നുവെന്ന് റിസപ്ഷനിൽ അറിയിച്ച കാര്യം പോലീസിനോട് പറയുകയും ചെയ്തു. ഒന്നാം തീയതി ഹൈദരാബാദിലേക്കു പോയ യാത്രക്കാരുടെ പട്ടികയിൽ സംപതിയുൾപ്പെട്ടതായി വിമാനത്താവളത്തിൽ നിന്ന് മനസ്സിലാക്കി. അഞ്ചാം തീയതി തിരികെ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കി. ബുധനാഴ്ച രാവിലെ പോലീസ് വിമാനത്താവളത്തിൽ കാത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രധാന പൂട്ട് തകർക്കാതെ ജനൽക്കമ്പി മുറിച്ചുമാറ്റിയാണ് വീട്ടിനുള്ളിൽ പ്രവേശിക്കുന്നത്. സി.സി.ടി.വി. ക്യാമറകളും മെമ്മറിയുമുൾപ്പെടെ എടുത്തുകൊണ്ടാണ് മടക്കം. മറ്റിടങ്ങളിലെ സി.സി.ടി.വി.കളിൽ മുഖം പതിയാതിരിക്കാൻ തല മറയ്ക്കാവുന്ന ഹൂഡ് ടി-ഷർട്ടാണ് വേഷം. കൈയുറകളും മാസ്കും ധരിച്ചാണ് എത്തുന്നത്. ദൃശ്യങ്ങൾ പതിയുമെന്ന് സംശയം തോന്നുന്നയിടത്ത് കുടനിവർത്തിയും മുഖം മറയ്ക്കും. ഇതാണ് അന്വേഷണോേദ്യാഗസ്ഥരെ ശരിക്കും കുഴപ്പിച്ചത്. മോഷ്ടാവിന്റെ കൃത്യമായ ദൃശ്യങ്ങൾ ശേഖരിക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞില്ല. വീടുകളിൽ നിന്ന് സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും മോഷ്ടിച്ചു. കൂടാതെ ഇത് തിരികെ കൊണ്ടുപോകാനുള്ള ട്രോളികളും വീടുകളിൽ നിന്നും എടുക്കും. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അഞ്ചരലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന പത്ത് പവനിലധികം സ്വർണവും വജ്രവുമാണ് ഇപ്പോൾ പോലീസ് പിടിച്ചെടുത്തത്. തലസ്ഥാനത്ത് മൂന്ന് മോഷണങ്ങൾ നടത്തിയ സംപതി ഉമ പ്രസാദ് മോഷണമുതൽ ഇവിടെത്തന്നെ സൂക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാനാണ്. പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞാൽ നഗരത്തിലെവിടെയെങ്കിലും ആഭരണങ്ങൾ പണയംവെച്ച് മുങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിനിടെ ഇയാളുടെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിക്കുകയും ഓട്ടോറിക്ഷ ഡ്രൈവർ ഇയാളെ തിരിച്ചറിയുകയും ചെയ്തതോടെയാണ് കുരുക്കിലായത്. ഹോട്ടലിൽ യഥാർഥ പേരും മേൽവിലാസവുമാണ് സംപതി നൽകിയിരുന്നത്.