ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെ സ്വന്തം സ്ഥലത്ത് തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മഅദനിയോട് കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ചികിത്സയ്ക്കായി കൊല്ലത്തിന് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്റെ അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സാധാരണ മദനി കേരളത്തിലേക്ക് പോകുമ്പോള്‍ കര്‍ണാടക പോലീസിന്റെ അകമ്പടി സുപ്രീം കോടതി നിര്‍ദേശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരം ഒരു നിബന്ധന കോടതി മുന്നോട്ട് വച്ചിട്ടില്ല. മദനിക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് കേരള പോലീസിനോടും നിര്‍ദേശിച്ചിട്ടില്ല. ഫലത്തില്‍ പോലീസിന്റെ അകമ്പടി ഇല്ലാതെ മദനിക്ക് കേരളത്തില്‍ തങ്ങാം. ഓരോ 15 ദിവസം കൂടുമ്പോഴും കൊല്ലം ജില്ലയില്‍ താമസിക്കുന്ന പ്രദേശത്തിന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ചിക്ത്‌സയ്ക്ക് കൊല്ലം ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് മദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് കൊല്ലം പോലീസിനെ അറിയിച്ചശേഷം ചികിത്സയ്ക്ക് മറ്റുസ്ഥലങ്ങളില്‍ പോകാന്‍ അനുമതി നല്‍കിയത്. മദനിയുടെ ആരോഗ്യനില മോശമായി വരികയാണെന്നും ഇരുവരും കോടതിയെ അറിയിച്ചു.