തമിഴ്‌നാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14കാരി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14കാരി മരിച്ചു. ചിക്കൻ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞായറാഴ്ചയാണ് അച്ഛൻ വാങ്ങിക്കൊണ്ടുവന്ന ചിക്കൻ ഷവർമ കുടുംബത്തിനൊപ്പം പെൺകുട്ടി കഴിച്ചത്. ഞായറാഴ്ച രാത്രി തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി. ചികിത്സയ്ക്ക് ശേഷം ഉടൻ തന്നെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. പെൺകുട്ടി ഷവർമ കഴിച്ച അതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 13 മെഡിക്കൽ വിദ്യാർഥികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പോലീസ് പറയുന്നു. വിദ്യാർഥികൾ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ റെസ്റ്റോറന്റിൽ എത്തി അധികൃതർ സാമ്പിളുകൾ ശേഖരിച്ചു. ചോദ്യം ചെയ്യുന്നതിനായി മൂന്ന് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.