മുൻ ഐ എ എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാർ ആയി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം കമ്മീഷണർമാരായി തിരഞ്ഞെടുത്തതായി അറിയിച്ചത്. തീരുമാനത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി വിയോജിപ്പ് രേഖപ്പെടുത്തി. കമ്മീഷണർമാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിയോജനക്കുറിപ്പ്.
യോഗത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിയോജിപ്പ് ഇരുവരുടെയും നിയമനത്തിന് തടസമാകില്ല. കമ്മീഷണർമാരെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ സർക്കാരിന് ആധിപത്യമുണ്ടെന്നതാണ് പ്രതിക്ഷേതത്തിനു കാരണം. പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയും തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങലാണ്.
പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്നു ഇതിനുമുന്നെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ഉണ്ടായിരുന്നത്. സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടും പകരം മന്ത്രിയെ ഉള്‍പ്പെടുത്തിക്കൊണ്ടും പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടിയെ അധീര്‍ രഞ്ജന്‍ ചൗധരി ശക്തമായി വിമര്‍ശിച്ചു. സമിതിയില്‍ ചീഫ് ജസ്റ്റിസ്സിനെ ഉള്‍പ്പെടുത്തണമെന്നു അധീര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തുകൊണ്ടുള്ള സമിതിയുടെ ശുപാർശ ഇന്നു തന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്
കൈമാറിയേക്കും എന്നാണ് സൂചന. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇവരുടെ നിയമനം പ്രാബല്യത്തില്‍ വരും. ഇരുവരും നാളെയോടെ ചുമതലയേല്‍ക്കുമെന്നാണ് വിവരം. ഞായറാഴ്ചയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, സഹകരണ വകുപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈവര്‍ഷം ജനുവരി 31-നാണ് അദ്ദേഹം വിരമിച്ചത്. 1998 പഞ്ചാബ് കേഡര്‍ ബാച്ച് ഉദ്യോഗസ്ഥനാണ് സുഖ്ബിര്‍ സിങ് സന്ധു. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021-ല്‍ പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹത്തെ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയായി നിയമിച്ചത്. നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉള്‍പ്പെടുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. 2027 വരെ കാലാവധി ശേഷിക്കേയാണ് അരുണ്‍ ഗോയല്‍ രാജിവച്ചത്. മറ്റൊരു കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അവേശഷിച്ചിരുന്നത്.
കമ്മീണർമാരായി നിയമിക്കാൻ പരിഗണിക്കുന്നവരുടെ പട്ടിക ബുധനാഴ്ച മാത്രമാണ് തനിക്ക് സര്‍ക്കാര്‍ നല്‍കിയതെന്ന് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. 212 പേരുകള്‍ ഉള്‍പ്പെട്ട പട്ടികയാണ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് കൈമാറിയത്. കേന്ദ്ര സര്‍വീസില്‍ സെക്രട്ടറി തസ്തികയില്‍നിന്ന് വിരമിച്ച 92 പേരും നിലവില്‍ സെക്രട്ടറിമാരായ 93 പേരും ഉള്‍പ്പെടുന്നതായിരുന്നു ഇത്.
അതേസമയം, 236 പേർ ഉള്‍പ്പെട്ടെ അഞ്ച് പട്ടികയാണ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് കൈമാറിയതെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചീഫ് സെക്രട്ടറിമാരായി വിരമിച്ച 15 പേരും നിലവില്‍ സർവിസിലുള്ള 36 പേരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.