കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ എ. അഭിമന്യൂ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യുഷന്‍ രേഖകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും. കോടതിയില്‍ നിന്നും നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് പ്രോസിക്യുഷന്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
പ്രതിഭാഗത്തിൻറ്റെയും, പ്രോസിക്യൂഷൻറ്റെയും, അഭിഭാഷകരുടെയും, കോടതി ജീവനക്കാരുടെയും സാന്നിധ്യത്തിലായിരിക്കും പരിശോധന. പ്രതിഭാഗത്തിന്റെ കൈവശമുള്ള രേഖകളുമായി ഇവ ഒത്തുനോക്കും. ശനിയാഴ്ച 2.30നാണ് പരിശോധന.
കഴിഞ്ഞയാഴ്ചയാണ് നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ്, പ്രോസിക്യുഷന്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. പുനര്‍നിര്‍മ്മിച്ച രേഖകള്‍ ഹാജരാക്കുന്നതില്‍ പ്രതിഭാഗം അഭിഭാഷകര്‍ എതിര്‍പ്പ് ഉന്നയിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. രേഖകളുടെ പകര്‍പ്പ് ഹാജരാക്കുന്നതിനെ എതിര്‍ക്കാനാവില്ലെന്നും നേരത്തെ ഹാജരാക്കിയ രേഖകളില്‍ നിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം ഉന്നയിക്കാമെന്നുമാണ് കോടതി മറുപടി നല്‍കിയത്.
വിചാരണ കോടതിയില്‍ നിന്ന് കാണാതായ 11 രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പുകളാണ് പ്രോസിക്യുഷന്‍ ഹാജരാക്കിയത്. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കേയാണ് രേഖകള്‍ നഷ്ടപ്പെട്ട വിവരം പുറത്തുവരുന്നത്.