സ്ത്രീ പുരുഷ സമത്വം വെറും മണ്ണാങ്കട്ട.

പുരുഷന്മാർ തീരുമാനിക്കുന്നു . അവർ നടപ്പാക്കുന്നു.

ഇന്ത്യ രാജ്യം ഇനി ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന വലിയ തെരഞ്ഞെടുപ്പിന് മുന്നിൽ ആണ്. ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ സ്ഥാനാർഥികളെ ഏകദേശം പ്രഖ്യാപിച്ചു കഴിഞ്ഞു. ഭൂരിഭാഗം മണ്ഡലങ്ങളിലും രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികൾ പ്രചരണത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഓരോ മണ്ഡലത്തിലും പ്രധാന പാർട്ടികളുടെ എല്ലാം സ്ഥാനാർത്ഥികൾ ഉണ്ട്.

ഇവരിൽ ആരെങ്കിലും ഓരോ മണ്ഡലത്തിൽ നിന്നും ജയിച്ചു വരികയും അവർ പാർലമെന്റിൽ എത്തി ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ അതിനെ യോഗ്യത നേടിയ പാർട്ടി അധികാരത്തിൽ വരികയും ചെയ്യും. ഇപ്പോൾ സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നിട്ടുള്ളവർ ആണല്ലോ സ്വാഭാവികമായും ജയിച്ചു വരിക.

നിലവിലെ സ്ഥാനാർത്ഥികളുടെ പട്ടിക പരിശോധിച്ചാൽ 90 ശതമാനവും പുരുഷന്മാരാണ് എന്ന് മനസ്സിലാകും. രാജ്യത്ത് സ്ത്രീ പുരുഷ സമത്വം എല്ലാതരത്തിലും നിലവിൽ വരുത്തുന്നതിന് പലതവണ പ്രതിജ്ഞ ചെയ്തിട്ടുള്ള ആൾക്കാരാണ് രാഷ്ട്രീയപാർട്ടി നേതാക്കൾ സ്ത്രീ പുരുഷ സമത്വം എന്ന പ്രസംഗം മാത്രമല്ലാതെ പ്രയോഗത്തിൽ വരുമ്പോൾ ഒരു പാർട്ടിയും സ്ത്രീകൾക്ക് അർഹമായ പരിഗണന കൊടുക്കുന്നില്ല എന്നതാണ് സത്യം..

2023 സെപ്റ്റംബർ മാസത്തിലാണ് സ്ത്രീസംവരണ നിയമം പാർലമെൻറ് പാസാക്കിയത്. ഈ നിയമപ്രകാരം ഇപ്പോൾ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ സംവരണം പ്രാബല്യത്തിൽ വരുത്തുന്നതിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാൽ നിയമം നടപ്പിലാക്കുന്ന ചർച്ച വന്നപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കളായ പുരുഷന്മാർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നിയമം 2029 മുതൽ പ്രാബല്യത്തിൽ വരുത്തിയാൽ മതി എന്ന തീരുമാനമെടുത്തു.

എന്തായിരുന്നു നീ നിയമത്തിന്റെ പിന്നിൽ നടന്ന കള്ളകളികൾ സ്ത്രീ സംവരണം നടപ്പിലാക്കി കഴിഞ്ഞാൽ നിലവിലുള്ള 543 സീറ്റുകളിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി മാറ്റി വെക്കേണ്ടി വരും. അങ്ങനെ വന്നാൽ പാർലമെൻറ് അകത്ത് കാലങ്ങളായി സ്വന്തം കസേര ഉറപ്പാക്കി നടക്കുന്ന പല എംപിമാർക്കും ആ കസേര നഷ്ടപ്പെടും ഈ ഒരൊറ്റ കാരണത്താൽ ആണ് സ്ത്രീ സംവരണ നിയമം മാറ്റിവെക്കാൻ തീരുമാനിച്ചത്.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എന്ന് പറഞ്ഞാൽ ജനങ്ങൾ ജനങ്ങളെ ഭരിക്കുന്ന ഭരണസംവിധാനം എന്നാണ് അർത്ഥം രാജ്യത്ത് നിലവിലെ കണക്കനുസരിച്ച് 52% സ്ത്രീകളാണ്. പുരുഷന്മാരെക്കാൾ രണ്ടു ശതമാനം കൂടുതൽ സ്ത്രീകൾ ഉള്ള ഒരു രാജ്യത്ത് അതിന് ആനുപാതികമായി സ്ത്രീകൾക്ക് പ്രാതിനിധ്യം കിട്ടാതെ വരുന്നത് യഥാർത്ഥത്തിൽ മനുഷ്യാവകാശ ലംഘനം തന്നെയാണ്.

ജനാധിപത്യത്തിൽ എല്ലാം നിയന്ത്രിക്കപ്പെടുന്നത് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ വഴിയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാർട്ടികളുടെ ആൾക്കാരായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിച്ചു വന്നു ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കുമ്പോൾ മാത്രമാണ് സ്ത്രീപുരുഷ സമത്വത്തിന്റെ സാധ്യത ഉണ്ടാവുകയുള്ളൂ.

വലിയ പുരോഗമനം പറയുന്ന കേരള രാഷ്ട്രീയത്തിലെ സ്ഥിതി തന്നെ ഒന്ന് പരിശോധിക്കുക. ഇവിടെ മത്സരത്തിൽ ഉള്ളത് ഇടത് വലത് മുന്നണികളും ബിജെപി മുന്നണിയും ആണ്. ആകെയുള്ള 20 സീറ്റുകളിൽ ഇടതുമുന്നണി മൂന്നിടത്ത് സ്ത്രീകളെ സ്ഥാനാർഥികൾ ആക്കിയപ്പോൾ പലതുമുന്നണി അല്ലെങ്കിൽ യുഡിഎഫ് ഒരു വനിതാ സ്ഥാനാർഥിയെ ആണ് മത്സരിപ്പിക്കുന്നത്. ബിജെപി സഖ്യം 20 ൽ അഞ്ചു സീറ്റുകൾ വനിതകൾക്കായി മാറ്റിവെച്ചു.

രാഷ്ട്രീയ അധികാരവും ഭരണവും നടത്തുന്ന പാർലമെന്റിലെ കാര്യം തന്നെ വിചിത്രമാണ്. 540 അംഗങ്ങളുള്ള ലോകസഭയിൽ, 25 ൽ അധികം വനിതാ എംപിമാർ ചുരുക്കം അവസരത്തിൽ മാത്രമാണ് ഉണ്ടായിട്ടുള്ളത്. യഥാർത്ഥത്തിൽ സ്ത്രീസംവരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ലോകസഭയിൽ 272 വനിത അംഗങ്ങൾ ഉണ്ടാകേണ്ടതാണ് എന്ന കാര്യം കൂടി നാം ഓർക്കേണ്ടതുണ്ട്.

കേരളത്തിലെ രാഷ്ട്രീയത്തിലുള്ള സ്ത്രീപങ്കാളിത്തം പരിശോധിച്ചാൽ അതിൻറെ ദയനീയത ആർക്കും ബോധ്യമാകും. പുരോഗമന വാദം ഉറക്കെ മുഴക്കുന്ന ഇടതുപക്ഷ പാർട്ടികൾ ഒരു തെരഞ്ഞെടുപ്പിൽ കേരളത്തിലെ വീര വനിത ആയിരുന്ന കെ ആർ ഗൗരിയമ്മയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് വിജയം നേടുകയുണ്ടായി. ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞപ്പോൾ ഗൗരിയമ്മയ്ക്ക് പകരം നിയമസഭയിൽ അംഗം പോലും അല്ലാത്ത ആളെ ഇറക്കുന്നത് ചെയ്ത് മുഖ്യമന്ത്രിയാക്കിയ സംഭവം കേരള ജനത മറന്നിട്ടില്ല. കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി മുഖ്യമന്ത്രി എന്ന മുദ്രാവാക്യം മുഴക്കി കൊണ്ടാണ് ആ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രവർത്തകർ മുന്നോട്ട് പോയത്.

യഥാർത്ഥത്തിൽ പുരോഗമന സമൂഹം രൂപപ്പെട്ട കാലം മുതൽ തന്നെ പുരുഷനു ലഭ്യമാകുന്ന അവസരങ്ങൾ സ്ത്രീക്കും ലഭിക്കേണ്ടതായിരുന്നു. എന്നാൽ പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും പ്രയാണത്തിനിടയിൽ പുരുഷ ആധിപത്യം കിരീടവും ചെങ്കോലും കൈക്കലാക്കി സർവ്വാധിപത്യത്തിന്റെ ശബ്ദം മുഴക്കുകയാണ് ചെയ്തത്. ഭാര്യ എന്നാൽ ഭരിക്കപ്പെടേണ്ടവൾ ആണ് എന്നും ഭർത്താവ് ഭരിക്കാൻ അർഹതപ്പെട്ടവൻ ആണോ എന്നും പാരമ്പര്യം പറയാതെ പറഞ്ഞുകൊണ്ടിരുന്നു. ഇതിനു ശക്തി പകരാൻ എല്ലാ കാലത്തും സർവ്വ സജ്ജമായി പുരുഷസംഘം തയ്യാറെടുത്തു നിൽക്കുകയും ചെയ്തു.

ഒരു വസ്തുത ചരിത്രപരമായി തന്നെ നമുക്ക് മുന്നിൽ ഉണ്ട്. അധികാരം എന്നത് സുപ്രധാനമാണ് അധികാരകേന്ദ്രത്തിൽ നിന്നാണ് തീരുമാനങ്ങൾ ഉണ്ടാകുന്നതും നടപ്പാക്കൽ നടക്കുന്നതും. അധികാരം കയ്യാളുന്നവരും നടപ്പാക്കുന്നവരും പുരുഷന്മാർ മാത്രമായി മാറുന്ന സാഹചര്യത്തിൽ സ്വാഭാവികമായും സ്ത്രീ അകറ്റിനിർത്തപ്പെടുന്ന ജന്മമായി മാറും.

സ്വാതന്ത്ര്യം ജീവനുതുല്യമാണ് എന്നൊക്കെ പറയുമ്പോഴും ആ സ്വാതന്ത്ര്യം വരിഞ്ഞു കെട്ടി പുരുഷന്മാരുടെ സ്വാധീനത്തിൽ ഒതുക്കി നിർത്തുന്ന ശൈലിയാണ് ഇപ്പോഴും ജനാധിപത്യത്തിലും നടക്കുന്നത്.

പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന മലയാളി ജനങ്ങൾക്കിടയിലും സ്ത്രീശാക്തീകരണത്തിന്റെയും സമത്വവാദത്തിന്റെയും പെരുമ്പറ മുഴക്കി ചില പെണ്ണുങ്ങൾ രംഗത്ത് വരാറുണ്ട്. ഇവരൊന്നും തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കാനോ സമരം നടത്താനോ തയ്യാറാകുന്ന ആൾക്കാരല്ല.

ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും അകത്തളങ്ങളിൽ സുഖസൗകര്യങ്ങളിൽ ലയിച്ചു ഇരുന്നുകൊണ്ട് ഇടയ്ക്കിടെ വിളിച്ചു പോകുന്ന വെറും പൊങ്ങച്ച മുദ്രാവാക്യങ്ങൾ മാത്രമാണ് കേരളത്തിലും സ്ത്രീസമത്വവാദത്തിന്റെ അടയാളങ്ങൾ.

ജനസംഖ്യയുടെ കണക്കെടുത്താൽ പോലും രണ്ട് ശതമാനം ശക്തി മുന്നിൽ നിൽക്കുന്ന സ്ത്രീ സമൂഹത്തിന് ഒറ്റക്കെട്ടായി നിന്ന് ശബ്ദമുയർത്തുവാനും തങ്ങളുടെ തുല്യ അംഗീകാരം നേടിയെടുക്കാനും കഴിയാതെ വരുന്നത് സ്ത്രീ സമൂഹത്തിന്റെ ബലഹീനത തന്നെയാണ്.

ഒരു പുതിയ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ ഈ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് രാജ്യത്തെ സ്ത്രീകൾക്ക് തുല്യപങ്കാളിത്തം കിട്ടിയില്ല എന്നാണ് ഉറക്കെ പറയാൻ കഴിയുന്നവരോ ഈ സാധ്യത ഇല്ലാതാക്കി രാജ്യത്തെ സ്ത്രീ സമൂഹത്തെ വീണ്ടും ഇരുട്ടിൽ തടഞ്ഞിടാൻ തീരുമാനിച്ച ഭരണ രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യാനും നട്ടെല്ലുള്ള സ്ത്രീകൾ ആരും ഈ സ്ത്രീ വിമോചന സമരവേദിയിൽ ഇല്ലാതാവുന്നു എന്നതാണ് ഈ ദുരന്തത്തിന് കാരണം.