കെ സുരേന്ദ്രനെ തോൽപ്പിക്കാനാവില്ല മക്കളെ…

രാഹുൽ ഗാന്ധി അല്ല ആരു വന്നാലും വയനാട്ടിൽ സുരേന്ദ്രൻ മുന്നിൽ തന്നെ നിൽക്കും...

ബിജെപി എന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് ആണ് കെ സുരേന്ദ്രൻ. പലവട്ടം തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റു തോറ്റു സഹികെട്ടതോടെ ഇനി മത്സരത്തിന് ഇല്ല എന്ന് വാശി പിടിച്ച സുരേന്ദ്രനെ, ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിർബന്ധിച്ചു വയനാട്ടിൽ സ്ഥാനാർത്ഥിയാക്കി എന്നാണ് പറയപ്പെടുന്നത്.

 

കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ബിജെപിക്ക് വിജയം ഏറ്റവും ഉറപ്പുള്ള ഒരു മണ്ഡലം ആണല്ലോ വയനാട്. അവിടെ സുരേന്ദ്രനെതിരെ മത്സരിക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലേകാൽ ലക്ഷത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽഗാന്ധി ജയിച്ചിരുന്നു. അവിടെയാണ് ഇപ്പോൾ സുരേന്ദ്രൻ 18 അടവും പയറ്റാൻ ശരീരമാകെ കുഴമ്പും തേച്ച് ഇറങ്ങിയിരിക്കുന്നത്.

ഏതായാലും വയനാട്ടിലെ സ്ഥാനാർഥിയായ കെ സുരേന്ദ്രനെ ഒരു നേതാവിനും തോൽപ്പിക്കാൻ കഴിയാത്ത റെക്കോർഡ് നേട്ടം സ്വന്തമായിട്ടുണ്ട്. അത് മറ്റൊന്നുമല്ല, സുരേന്ദ്രൻ പ്രതിയായിട്ടുള്ള ക്രിമിനൽ കേസുകളുടെ എണ്ണത്തിന്റെ കാര്യമാണ്. തെരഞ്ഞെടുപ്പിൽ സാധാരണ നാമനിർദ്ദേശപത്രികയിൽ രേഖപ്പെടുത്തേണ്ട ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞപ്പോഴാണ്, 243 ക്രിമിനൽ കേസുകൾ സ്വന്തം പേരിൽ ഉണ്ട് എന്ന് സുരേന്ദ്രൻ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കണക്ക് വെച്ച് നോക്കിയാൽ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ സുരേന്ദ്രൻ ഒന്നാമത് തന്നെ നിൽക്കും എന്ന കാര്യം ഉറപ്പാണ്. ഈ കാര്യത്തിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ കേരളത്തിൽ ഒരു സ്ഥാനാർത്ഥിയും ഉണ്ടാവില്ല.

ലോകസഭ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രികയോട് ഒപ്പം ചേർക്കുന്ന വ്യക്തി വിവരങ്ങൾ സംബന്ധിച്ച് രേഖകൾ, പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും മൂന്ന് തവണ പരസ്യപ്പെടുത്തണം എന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിബന്ധനയാണ്. ഇതുപ്രകാരം ബിജെപി പാർട്ടിയുടെ മുഖപത്രമായ ജന്മഭൂമിയിൽ പാർട്ടി പ്രസിഡണ്ടും സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രന്റെ വ്യക്തി വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു കേസുകൾ സംബന്ധിച്ച വിവരങ്ങൾ, വിശദീകരിക്കാൻ ജന്മഭൂമി പത്രത്തിൻറെ മൂന്ന് മുഴുവൻ പേജുകളും വേണ്ടിവന്നു എന്നതാണ് വാസ്തവം.

ഇന്ത്യയുടെ ഭരണം കയ്യടക്കിയിരുന്ന ബ്രിട്ടീഷുകാരെ ഇവിടെ നിന്നും ഓടിക്കാൻ മൂന്നു പതിറ്റാണ്ടിൽ അധികം സമരം നടത്തിയ മഹാത്മാഗാന്ധിക്ക് എതിരെ പോലും ഇത്രയധികം ക്രിമിനൽ കേസുകൾ ഉണ്ടോ എന്ന കാര്യം സംശയമാണ്. അങ്ങനെ പരിശോധിച്ചാൽ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും വെല്ലുന്ന നേതാവായി കെ സുരേന്ദ്രൻ മാറിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും, കെ സുരേന്ദ്രൻ സ്ഥാനാർഥി ആയിരുന്നു. 2019 ൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമ്പോൾ വെളിപ്പെടുത്തിയ രേഖകൾ പ്രകാരം, അന്ന് നിലവിൽ ഉണ്ടായിരുന്ന ക്രിമിനൽ കേസുകളുടെ എണ്ണം 240 ആയിരുന്നു. ഇപ്പോൾ കേസുകളുടെ എണ്ണം 243 ആയി ഉയർന്നിരിക്കുന്നത് കൊണ്ട്, പ്രവർത്തനരംഗത്ത് കെ സുരേന്ദ്രൻ എന്ന നേതാവ് ശക്തമായി നിന്നിരുന്നു എന്നത് വ്യക്തമാക്കുന്നുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പ്രതിയായി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ വകുപ്പുകളും നടത്തിയിട്ടുള്ള കുറ്റങ്ങളും ഏറെ ശ്രദ്ധേയമാണ്. വധശ്രമം, കലാപ ശ്രമം, നിയമവിരുദ്ധമായി സംഘംചേരൽ, ഭീഷണിപ്പെടുത്തൽ, നിരോധനാജ്ഞ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ഗതാഗതം തടസ്സപ്പെടുത്തൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയവയൊക്കെ ആണ് സുരേന്ദ്രന്റെ പേരിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

മനുഷ്യൻ എന്ന നിലയിൽ കുറ്റങ്ങളുടെ പട്ടികയിൽപ്പെടുത്താവുന്ന മറ്റൊരു ഏർപ്പാടും ഇല്ലാത്തതുകൊണ്ടാകാം, കുറ്റങ്ങളുടെ പട്ടിക ഇവിടെ അവസാനിച്ചത്. 243 ക്രിമിനൽ കേസുകൾ നിലവിലുള്ള ഒരാൾ, ജനപ്രതിനിധി ആയാൽ എന്താവും ആ ജനങ്ങളുടെ അവസ്ഥ എന്നതും പരിശോധിക്കപ്പെടേണ്ട കാര്യമാണ്.

കെ സുരേന്ദ്രന്റെ പേരിൽ എടുത്തിട്ടുള്ള പോലീസ് കേസുകളിൽ ഭൂരിഭാഗവും ഗൗരവമുള്ള കുറ്റങ്ങളാണ്. ഒരു വർഷത്തിൽ ആകെയുള്ളത് 365 ദിവസങ്ങളാണ് സുരേന്ദ്രൻ എന്ന നേതാവിന്റെ പേരിൽ രണ്ട് തെരഞ്ഞെടുപ്പ് ഘട്ടങ്ങൾക്കിടയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 483 ആണ്. ഈ കണക്ക് പരിശോധിച്ചാൽ തെരഞ്ഞെടുപ്പിൽ സുരേന്ദ്രന് വോട്ട് ചെയ്യാൻ തയ്യാറാകുന്ന ജനം ബോധം കെട്ടു വീഴും. 365 ദിവസങ്ങൾ മാത്രം ഉള്ള ഒരു വർഷത്തിൽ. ഒരാൾ 483 ക്രിമിനൽ കേസുകളിൽ പ്രതി ആയി തീർന്നാൽ ഒരു ദിവസം ഒന്നര കേസ് എങ്കിലും കോടതിയിൽ വിചാരണയ്ക്ക് വരുന്ന സ്ഥിതി ഉണ്ടാകും എന്ന് പറഞ്ഞാൽ, കെ സുരേന്ദ്രൻ എന്ന നേതാവ് ജയിച്ചു വന്നാൽ പാർലമെൻറിൽ കാലുകുത്താൻ പോലും സമയം കിട്ടാത്ത സ്ഥിതി വരുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.

വയനാട്ടിലെ മാത്രമല്ല കേരളത്തിലെ ജനങ്ങൾ അത്ഭുതത്തോടെ കാണുന്ന ഒരു കാര്യമാണ് വയനാട് മണ്ഡലത്തിലെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വയനാട് ഇപ്പോൾ പ്രതിനിധീകരിക്കുന്ന എംപി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയാണ്. കോൺഗ്രസ് പാർട്ടി ദേശീയതലത്തിൽ തന്നെ വലിയ തകർച്ചയിലും ക്ഷീണത്തിലും ആണ് എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല. എന്നാൽ വയനാട് മണ്ഡലത്തിൽ നാലേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു പോയ രാഹുൽ ഗാന്ധി, ഈ തെരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യത്തിലേക്ക് എത്തും എന്ന് ബിജെപിയുടെ ദേശീയ നേതാക്കളും പ്രധാനമന്ത്രിയും കരുതുന്നു എന്ന് വിചാരിക്കാൻ ബുദ്ധിമുട്ടുണ്ട്. അപ്പോൾ പിന്നെ മത്സരത്തിന് ഇല്ല എന്ന നിലപാട് എടുത്തിരുന്ന സുരേന്ദ്രൻ എങ്ങനെ സ്ഥാനാർഥിയായി വന്നു എന്നത് പ്രസക്തമായ ചോദ്യമാണ്.

ദേശീയതലത്തിൽ വലിയ വളർച്ച നേടുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ കേരളത്തിൻറെ കാര്യത്തിൽ ആ പാർട്ടി പടവലങ്ങ പരുവത്തിൽ താഴോട്ടാണ് വളരുന്നത്. കേരളത്തിലെ നേതാക്കൾ തമ്മിലുള്ള പോരുകളും തമ്മിൽ തല്ലും ആണ് പാർട്ടിയെ നശിപ്പിക്കുന്നത് എന്ന് കേന്ദ്രത്തിനും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ മൂന്നു വർഷത്തോളമായി പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിക്കുകയാണ് കെ സുരേന്ദ്രൻ. ഈ കാലയളവിൽ കാര്യമായ വളർച്ച കേരളത്തിൽ ബിജെപിക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന കാര്യം കേന്ദ്ര നേതാക്കൾക്ക് കൃത്യമായി അറിയാം. അപ്പോൾ പ്രാപ്തിയില്ലാത്ത സുരേന്ദ്രനെ പ്രസിഡൻറ് പദവിയിൽ നിന്നും മാറ്റാൻ ഒരു കാരണം ഉണ്ടാകണം. അതിന് കണ്ടുപിടിച്ച പോംവഴിയാണ് ഏറ്റവും എളുപ്പത്തിൽ തോൽക്കാൻ കഴിയുന്ന ഒരു മണ്ഡലത്തിൽ സുരേന്ദ്രനെ മത്സരിപ്പിക്കുക എന്നത്.

കേരളത്തിലെ ബിജെപി നേതാക്കളുടെ ചരിത്രം എന്ന് പറയുന്നത് തോൽവികളുടെ റെക്കോർഡ് ഉണ്ടാക്കിയ ചരിത്രമാണ്. പാർട്ടി പ്രസിഡന്റായ സുരേന്ദ്രനും ഈ കാര്യത്തിൽ ഒട്ടും പിറകിലല്ല. ഇപ്പോൾ സുരേന്ദ്രന്റെ മികച്ച നേട്ടമായി എടുത്തു കാണിക്കാൻ കഴിയുന്നത് ക്രിമിനൽ കേസുകളിൽ ഏറ്റവും കൂടുതൽ പ്രതിയായി മാറിയ ആൾ എന്ന റെക്കോർഡ് നേട്ടമാണ്. ആ നേട്ടം മറ്റൊരു നേതാവിനും കയ്യടക്കാൻ കഴിയില്ല. അങ്ങനെ നോക്കിയാൽ ക്രിമിനൽ കേസുകളിലെ പ്രതി എന്ന നിലയിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മുന്നിൽ തന്നെ നിൽക്കും എന്ന കാര്യത്തിൽ ആരും സംശയിക്കേണ്ട.