വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി തൂത്തുവാരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും ചില സീറ്റുകളിൽ വിജയം രേഖപ്പെടുത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടമാക്കി.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വിജയിക്കാനാകില്ലെന്ന കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പാർലമെൻ്റിലെ അവകാശവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “രാഹുലിന് രാജ്യത്തെ കുറിച്ച് ശരിയായ ബോധമില്ലെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ കർണാടകയിൽ അധികാരത്തിലുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് ദക്ഷിണേന്ത്യയിൽ അധികാരം പിടിക്കാൻ കഴിയില്ലെന്ന് അവർ പറയുന്നത്? ആന്ധ്രാപ്രദേശിലും ഞങ്ങൾ ടിഡിപിയുമായി സഖ്യത്തിലായിരുന്നു. അവർ അധികാരത്തിലായിരുന്നു. ഞങ്ങൾ ഇതുവരെ തമിഴ്‌നാട്ടിൽ ഒരു സർക്കാർ രൂപീകരിച്ചിട്ടില്ല. അതും സംഭവിക്കും”- അദ്ദേഹം പറഞ്ഞു.