ഉദ്യോഗസ്ഥരുടെ കൂട്ട വിരമിക്കൽ  –  സർക്കാരിന് അടുത്ത പ്രതിസന്ധി

പിരിയുന്നവർക്ക് ആനുകൂല്യം നൽകാൻ അരലക്ഷം കോടി രൂപ വേണം

സംസ്ഥാനത്തെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും അതുപോലെതന്നെ സർക്കാർ വിദ്യാലയങ്ങളിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ആനുകൂല്യം നൽകുന്നതിന് അര ലക്ഷം കോടി രൂപ വേണം. നേരിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥരും അർദ്ധസർക്കാർ സ്ഥാപനങ്ങളായ കോർപ്പറേഷനുകളും ബോർഡുകളും തുടങ്ങി സർക്കാർ മേഖലയിലെ ഏതാണ്ട് ഇരുപതിനായിരത്തിലധികം ജീവനക്കാരാണ് ഈ മെയ് മാസത്തിൽ റിട്ടയർ ചെയ്യുന്നത്. ഇത്രയും കൂടുതൽ സർക്കാർ ശമ്പളക്കാർ ഒരുമിച്ച് വിരമിക്കുന്നത് പുതിയ അനുഭവമാണ് സർവീസിൽ നിന്നും വിരമിക്കുന്ന ഈ ജീവനക്കാരുടെ ആനുകൂല്യം കൊടുത്ത തീർക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് കഴിയില്ല എന്ന സ്ഥിതിയാണ് ഉള്ളത്.
കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാർ കടമെടുക്കലിന് അപേക്ഷ നൽകിയിരുന്നു എങ്കിലും, കേന്ദ്രം തടസവാദം ഉന്നയിച്ചതിന്റെ പേരിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും കേസ് നിലനിൽക്കുകയും ചെയ്യുകയാണ്. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ച് ഇടക്കാല ആശ്വാസം എന്ന നിലയിൽ മൂവായിരം കോടി രൂപ കടമെടുക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിൽ 2000 കോടി രൂപ സർക്കാർ എടുക്കുകയും ചെയ്തു ഇനി അവശേഷിക്കുന്നത് ആയിരം കോടിയുടെ കടമെടുക്കൽ അനുമതിയാണ്.
ഇപ്പോൾ റിട്ടയർമെന്റിലേക്ക് എത്തുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന് ശരാശരി കണക്കുപ്രകാരം 30 ലക്ഷത്തോളം രൂപ സർക്കാർ ആനുകൂല്യമായി നൽകണം.  ഇത് മാത്രമല്ല  ഒന്നേകാൽ കോടിയോളം രൂപയുടെ ആനുകൂല്യം നേടുന്ന ചില റിട്ടയർ ചെയ്യുന്ന ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് അറിയുന്നത്. ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും റിട്ടയർമെൻറ് ആനുകൂല്യത്തിനായി അരലക്ഷം കോടി രൂപ കണ്ടെത്തുക എന്നത് ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാന സർക്കാരിനെ കുഴക്കുന്ന പ്രശ്നമാണ് ഗൗരവകരമായ ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് ചർച്ച നടത്താൻ സംസ്ഥാന മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
മെയ് മാസം 31ന് റിട്ടയർമെൻറിൽ എത്തുന്ന  ഉദ്യോഗസ്ഥർക്ക് ആധാരണയിൽ അന്ന് തന്നെ ആനുകൂല്യ വിതരണവും നടത്തേണ്ടതാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ഇത് നടക്കാൻ സാധ്യതയില്ല. ഇത്തരത്തിൽ വിരമിക്കൽ കഴിഞ്ഞ ഉദ്യോഗസ്ഥർ ആനുകൂല്യം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാൽ സ്വാഭാവികമായും പരാതിയുമായി കോടതിയിൽ എത്തും നിയമപ്രകാരം വിരമിച്ച ഉദ്യോഗസ്ഥന് ലഭിക്കേണ്ട ആനുകൂല്യം കൃത്യമായി നൽകാനുള്ള ഉത്തരവാദിത്വം സർക്കാരിന് ഉണ്ട് എന്നും കാലതാമസം വരുത്താതെ ആനുകൂല്യം വിതരണം ചെയ്യണം എന്നും ആയിരിക്കും സാധാരണഗതിയിൽ കോടതി ഉത്തരവിടുക. കോടതിയുടെ ഇത്തരത്തിലുള്ള ഉത്തരവും കൂടി വന്നാൽ സർക്കാർ വലിയ വിഷമസ്ഥിതിയിൽ എത്തും.
ആയിരക്കണക്കിന് ജീവനക്കാർ ഒരുമിച്ച് വിരമിക്കുന്ന അവസരത്തിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പ് മന്ത്രി ചില നേക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും അത് ഫലം കാണുമോ എന്ന കാര്യം കണ്ടറിയണം. വിരമിക്കുന്ന ഉദ്യോഗസ്ഥരും അധ്യാപകരും അവരുടെ ആനുകൂല്യം സർക്കാർ ട്രഷറിയിൽ നിക്ഷേപം ആക്കി മാറ്റുന്നതിന് അനുമതി തേടുക എന്നതാണ് ഒരു പോംവഴി. എന്നാൽ ഇതിന് ജീവനക്കാർ തയ്യാറാകുമോ എന്ന കാര്യം കണ്ടറിയണം വിരമിക്കുന്ന ഉദ്യോഗസ്ഥർ സർക്കാർ ട്രഷറിയിൽ സ്ഥിരനിക്ഷേപമായി ആനുകൂല്യം നിക്ഷേപിച്ചാൽ പലിശയിൽ വർദ്ധനവ് നൽകാം എന്ന ആകർഷണീയമായ നിർദ്ദേശവും ധനകാര്യ മന്ത്രി മുന്നോട്ടു വച്ചിട്ടുണ്ട്.
മെയ് മാസം 31ന്  സർവീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ആനുകൂല്യം എങ്ങനെയെങ്കിലും നൽകി പ്രശ്നം പരിഹരിച്ചാലും സർക്കാർ പ്രതിസന്ധിയിൽ തുടരുന്ന സ്ഥിതി തന്നെയായിരിക്കും ഉണ്ടാവുക. പിരിഞ്ഞുപോയ ഉദ്യോഗസ്ഥരുടെ ആനുകൂല്യം കൊടുക്കുന്നതോടൊപ്പം തന്നെ അടുത്ത മാസത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വിതരണം നടത്തുക എന്ന തലവേദന ആയിരിക്കും ധനകാര്യമന്ത്രിക്ക് മുന്നിൽ എത്തുക. ഇതെല്ലാം മുന്നിൽ കണ്ടു കൊണ്ട് കേന്ദ്രത്തോട് കടമെടുക്കൽ പരിധി വർദ്ധിപ്പിക്കുന്നതിന് ആവശ്യപ്പെടുന്ന കാര്യം വീണ്ടും ആലോചിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാവുക പ്രതീക്ഷിക്കാൻ കഴിയാത്ത കാര്യമാണ്.
ഏറെക്കാലമായി സംസ്ഥാന സർക്കാർ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ശാശ്വതമായ പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുന്നതിന് പകരം കടമെടുക്കലും മറ്റും ആലോചിക്കുന്നതാണ് കൂടുതൽ പ്രശ്നങ്ങൾ വഷളാക്കുന്നത്.  സർക്കാർ തന്നെ പറയുന്ന കണക്കുപ്രകാരം 13000 കോടിയിലധികം രൂപ നികുതിയിണത്തിൽ പിരിഞ്ഞു കിട്ടേണ്ടതുണ്ട് ഇത് തിരിച്ചെടുക്കുന്നതിന് കാര്യക്ഷമമായ ഒരു പ്രവർത്തനവും സർക്കാർ തലത്തിൽ നടക്കുന്നില്ല എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഏതായാലും എന്തെങ്കിലും തരത്തിലുള്ള നികുതി വർദ്ധനവുകൾ നടപ്പിലാക്കി ഈ പ്രശ്നം പരിഹരിക്കാവുന്ന സ്ഥിതി കേരളത്തിൽ ഇല്ലാത്തതിനാൽ ഏതാ ആശ്രയമായി അവശേഷിക്കുന്നത് കേന്ദ്രസർക്കാരിൻറെ അനുകൂലമായ തീരുമാനം മാത്രം ആണ്.