തൃശ്ശൂർ കോൺഗ്രസിൽ തമ്മിലടി രൂക്ഷം….

ബിജെപി വിജയത്തിന് പിന്നിൽ കോടികൾ ഒഴുകി എന്ന ആക്ഷേപം.....

കേരളത്തിലെ കോൺഗ്രസ് പാർട്ടിയും ആ പാർട്ടി നയിക്കുന്ന യുഡിഎഫും ഉശിരൻ വിജയം നേടി മുന്നോട്ടു പാഞ്ഞപ്പോൾ നാണംകെട്ട തോൽവിയിലേക്ക് തകർന്നടിഞ്ഞ തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവും ആയ കെ മുരളീധരന്റെ പരാജയം തൃശ്ശൂരിലെ കോൺഗ്രസിനകത്ത് അപ്രതീക്ഷിത പൊട്ടിത്തെറികൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ….. തൃശ്ശൂരിലെ പാർട്ടി നേതൃത്വത്തിന് വിമർശനം നടത്തി കൊണ്ടാണ് തോൽവിയറിഞ്ഞ മുരളീധരൻ കോഴിക്കോട് ഉള്ള വീട്ടിലേക്ക് മടങ്ങിയത്…. ജില്ലാ കോൺഗ്രസ് കമ്മിറ്റി തൻറെ വിജയത്തിനു വേണ്ടി കാര്യമായി പ്രവർത്തിച്ചില്ല എന്ന് മാത്രമല്ല മുൻ എം പി ടി എൻ പ്രതാപനും ഡിസിസി പ്രസിഡണ്ടും എതിരായി പ്രവർത്തനം നടത്തി എന്നും വരെ മുരളീധരൻ ആക്ഷേപം ഉന്നയിക്കുകയുണ്ടാ

യി…. ഏതായാലും തൃശ്ശൂരിലെ കോൺഗ്രസിന്റെ തോൽവി ജില്ലയിൽ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ വലിയ ഭിന്നതയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചില നേതാക്കൾ മുരളിക്കെതിരെ പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്…. സ്ഥാനാർത്ഥി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചില്ല എന്ന് മാത്രമല്ല തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുരളി ഒരു ശ്രമവും നടത്തിയില്ല എന്നു വരെ ഇപ്പോൾ വിമർശനം ഉയരുന്നുണ്ട്…. എന്നാൽ ഈ വിമർശനത്തെ എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഡിസിസി പ്രസിഡണ്ടും മുൻ എംപിയും ഒരുമിച്ചുള്ള കള്ളക്കളികളാണ് പാർട്ടിക്ക് തൃശ്ശൂരിൽ കനത്ത തോൽവി ഉണ്ടാക്കിയത് എന്നാണ് ഭൂരിപക്ഷം നേതാക്കളും പറയുന്നത്….. തൃശൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണയും ഈ തവണയും ബിജെപി സ്ഥാനാർത്ഥിയായി വന്നത് ചലച്ചിത്രതാരമായ സുരേഷ് ഗോപി ആയിരുന്നു… കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശ്ശൂരിൽ ബിജെപിക്ക് വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നു…. ആരെയും അമ്പരപ്പിച്ചുകൊണ്ട് യഥാർത്ഥ മത്സരം നടത്തിയിരുന്ന യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികളെ മലർത്തിയടിച്ചുകൊണ്ട് ഉഗ്രൻ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി വിജയിച്ചു വരുന്ന കാഴ്ചയാണ് ആണ് ഫലപ്രഖ്യാപനത്തിൽ കണ്ടത്

തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്നിൽ വലിയ പണം ഒഴുക്ക് ഉണ്ടായി എന്ന പരാതിയും കോൺഗ്രസിലെ ചില നേതാക്കൾ ഇപ്പോൾ രഹസ്യമായി പറയുന്നുണ്ട്….. തൃശ്ശൂർ ഡിസിസി പ്രസിഡൻറ് ബിജെപി നേതാക്കളിൽ നിന്നും രണ്ടു കോടിയോളം രൂപ ആരും അറിയാതെ കൈപ്പറ്റിക്കൊണ്ട് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചു എന്ന വിമർശനമാണ് ഈ ആൾക്കാർ രഹസ്യമായി പറയുന്നത്

തൃശ്ശൂരിൽ ഡിസിസി പ്രസിഡന്റിനെതിരെ കുറെ കാലമായി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പലതരത്തിലുള്ള വിമർശനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്….. പല വിഷയങ്ങളിലും ഡിസിസി പ്രസിഡൻറ് പണമിടപാടുകൾ നടത്തിക്കൊണ്ടിരുന്നതായിട്ടും സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള രാഷ്ട്രീയമാണ് പണ്ട് മുതൽക്ക് ഡിസിസി പ്രസിഡണ്ടിന് ഉള്ളതെന്നും സ്വന്തമായി ബിസിനസ് നടത്തുന്ന പ്രസിഡൻറ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം വിലക്കു വാങ്ങുകയായിരുന്നു എന്നും ഈ ആക്ഷേപം ഉന്നയിക്കുന്നവർ പറയുന്നുണ്ട്

നേരത്തെ കോൺഗ്രസ് പാർട്ടിയിലെ ഐ ഗ്രൂപ്പുകാരനും രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനും ആയിരുന്ന ഡിസിസി പ്രസിഡൻറ് കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായി വന്നതോടുകൂടി ചെന്നിത്തലയെ വിട്ട് സുധാകരനൊപ്പം ചേരുകയാണ് ഉണ്ടായത്…. സുധാകര പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് സ്വന്തം ശിങ്കിടികളെ പാർട്ടിയുടെ നേതൃത്വ പദവികളിൽ പ്രതിഷ്ഠിക്കുന്നതിനുള്ള നീക്കങ്ങളാണ് ഡിസിസി പ്രസിഡൻറ് നടത്തിക്കൊണ്ടിരുന്നത്…. ഈ നീക്കം വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു …. ഡിസിസി പ്രസിഡന്റുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിൽ പല ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും കുറേക്കാലമായി പ്രവർത്തനരഹിതമായി കിടക്കുകയാണ്

തൃശ്ശൂർ ജില്ലയിൽ കോൺഗ്രസിലെ ഐ ഗ്രൂപ്പിന് നല്ല സ്വാധീനമുള്ള പ്രദേശമാണ്…. എന്നാൽ ലീഡർ കരുണാകരന്റെ മരണ ശേഷം കുറെ നേതാക്കൾ ഐ ഗ്രൂപ്പ് വിട്ട് എ ഗ്രൂപ്പിലേക്ക് കാലു മാറുകയുണ്ടായി…. ഈ നേതാക്കളും നിലവിലെ ഡിസിസി പ്രസിഡന്റുമായി ഒട്ടും യോജിപ്പിൽ അല്ല… പാർട്ടിയുടെ താഴെത്തട്ടുകൾ ഉള്ള പ്രവർത്തകരുമായി ഒരിക്കലും ഒരു ബന്ധവും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാത്ത വെറും ആഡംബര ജീവിതത്തിൻറെ ഉടമയാണ് ഡിസിസി പ്രസിഡൻറ് എന്ന പരാതിയും വ്യാപകമായി നിലനിൽക്കുന്നുണ്ട്

തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി മുരളീധരന്റെ വമ്പൻ പരാജയത്തിൽ തൃശൂരിലെ നേതാക്കളും പ്രവർത്തകരും വല്ലാതെ തളർന്നിരിക്കുകയാണ്…. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം പാർട്ടിക്ക് അകത്ത് ഡിസിസി പ്രസിഡണ്ടിനും മുൻ എം പിക്കും എതിരായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്… ബിജെപി നേതാക്കളിൽ നിന്നും വൻ തുക വാങ്ങി കോൺഗ്രസ് പാർട്ടിയെ ഒറ്റിക്കൊടുത്തു എന്ന പരാതി വരെ തൃശ്ശൂരിൽ മുഴങ്ങി കേൾക്കുന്നുണ്ട്… ഏതായാലും ആരും പ്രതീക്ഷിക്കാത്ത വമ്പൻ വിജയം ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് നേടിയെടുക്കാൻ കഴിഞ്ഞതിന് പിന്നിൽ ആരും അറിയാതെ രഹസ്യമായി എന്തൊക്കെയോ നടന്നിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കം ഇല്ല