അപ്രതീക്ഷിതമായി ഉണ്ടായ തെരഞ്ഞെടുപ്പ് നഷ്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ കൂട്ടുകെട്ടിന് വല്ലാത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്…. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒറ്റയ്ക്ക് സ്വന്തമാക്കി ഭരണഘടന വരെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും എങ്ങനെയെങ്കിലും ഭരണത്തിൽ കയറിയിരിക്കുവാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്…… അധികാരത്തിൽ വരുന്നതിനുള്ള കേവല ഭൂരിപക്ഷം പോലും കിട്ടാത്ത സ്ഥിതിയിലാണ് ബിജെപി എത്തിയത്….. പാർട്ടിയുടെ ഈ കനത്ത തോൽവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകപക്ഷീയ നിലപാടുകളുടെ ഫലമാണ് എന്ന് വിലയിരുത്തുകയാണ് ബിജെപി എന്ന പാർട്ടിയുടെ ശക്തികേന്ദ്രമായ ആർ എസ് എസും മറ്റ് സംഘപരിവാർ ശക്തികളും…. ഈ പോക്ക് പോയാൽ അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോൾ രാജ്യത്ത് ബിജെപി എന്ന പാർട്ടി ഉണ്ടാവില്ല എന്ന് വിലയിരുത്തലും ഇവർക്കുണ്ട്….. അതുകൊണ്ടുതന്നെ കൃത്യമായ ഇടപെടൽ നടത്തി പാർട്ടിയിൽ ജനാധിപത്യവും കൂട്ടായ ആലോചനയും തിരികെ കൊണ്ടുവന്നു കൊണ്ട് ഭരണനിർവഹണത്തിന് വഴിയൊരുക്കണം എന്ന നിർദ്ദേശമാണ് ആർ എസ് എസ് നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നത്
ബിജെപി പ്രസിഡൻറ് ജെ പി നദ്ദ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ട അവസരത്തിലാണ് പ്രവർത്തകരെ അമ്പരപ്പിച്ചുകൊണ്ട് ആർ എസ് എസ് വിരുദ്ധ പ്രസ്താവന നടത്തിയത്…. ബിജെപിക്ക് അധികാരത്തിൽ വരാൻ ആർ എസ് എസിന്റെ ഒരു സഹായവും ആവശ്യമില്ല എന്നും സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ള വലിയ പാർട്ടിയായി ബിജെപി വളർന്നു കഴിഞ്ഞു എന്നുമാണ് നദ്ദ പൊതുയോഗത്തിൽ പ്രസംഗിച്ചത്….. ഈ പ്രസംഗം ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി…. ഇതോടുകൂടി ഹിന്ദു സംഘടനകളും ആർ എസ് എസും ബിജെപിയുമായി വലിയ അകൽച്ചയിൽ എത്തുന്ന സാഹചര്യം വരെ ഉണ്ടായി… ബിജെപിയുടെ ആസ്ഥാനം എന്ന കണക്കാക്കാവുന്ന ഉത്തർപ്രദേശിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടായത് ആർ എസ് എസ് അടക്കമുള്ള ഹിന്ദു സംഘടനകൾ പിന്നോക്കം മാറിയതിന്റെ പേരിലാണ് എന്ന വിലയിരുത്തലും ഇപ്പോൾ പാർട്ടി നേതൃത്വത്തിൽ നടക്കുന്നുണ്ട്
ഇന്ത്യയിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ വളർത്തിയെടുക്കുന്നതിലും അധികാരത്തിൽ എത്തിക്കുന്നതിലും ജീവിതം ചെലവഴിച്ച മുൻകാല നേതാക്കന്മാരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ചേർന്നുകൊണ്ട് ഒതുക്കുന്ന ശൈലി പ്രകടമാക്കിയതിൽ ആർ എസ് എസ് എസിന് വലിയ എതിർപ്പ് ഉണ്ട് …..ബിജെപിയുടെ സ്ഥാപക നേതാവായ എൽ കെ അഡ്വാനിയെയും അദ്ദേഹത്തെപ്പോലെ മുതിർന്ന നേതാക്കളെയും മോദി അമിത് ഷാ കൂട്ടുകെട്ട് ആവശ്യമായ പരിഗണന നൽകാതെ പ്രവർത്തിക്കുകയാണ് ചെയ്തിരുന്നത്…. മന്ത്രിസഭയിൽ അംഗമായ രാജനാഥ് സിംഗ് പോലുള്ള സീനിയർ നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പ്രാധാന്യവും നൽകിയിരുന്നില്ല എന്ന പരാതിയും ആർഎസ്എസിന് ഉണ്ട്
ജയിച്ചു വന്ന ബിജെപി അംഗങ്ങളുടെ യോഗം ചേർന്ന് നരേന്ദ്രമോദിയെ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും സർക്കാർ രൂപീകരിക്കാൻ അനുവദിക്കുന്നതിന് രാഷ്ട്രപതിക്ക് കത്തു നൽകുകയും ഒക്കെ ചെയ്യുമെങ്കിലും ഈ പുതിയ നരേന്ദ്രമോദി മന്ത്രിസഭ ഒരു കാരണവശാലും മുൻഗവൺമെൻറ്കളെപ്പോലെ യഥേഷ്ടം ഭരണം നടത്തുന്ന സ്ഥിതി ഉണ്ടാവില്ല എന്നതാണ് വാസ്തവം…. സർക്കാർ രൂപീകരിക്കാൻ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ഘടകകക്ഷികളെ ചുമക്കേണ്ട ഗതികേട് ആദ്യമായി നരേന്ദ്രമോദിക്ക് വന്നിരിക്കുകയാണ്…. ബിജെപി മുന്നണിയിലെ പ്രധാന പാർട്ടികളായ തെലുങ്കുദേശം പാർട്ടിയും ജെ.ഡി. യു വും ഇപ്പോൾ തന്നെ സുപ്രധാന വകുപ്പുകളും ലോകസഭ സ്പീക്കർ പദവിയും വരെ ആവശ്യപ്പെട്ടുകൊണ്ട് തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്…. നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം ഒരു കാരണവശാലും ലോകസഭാ സ്പീക്കർ പദവി വിട്ടുകൊടുക്കാൻ തയ്യാറാവില്ല…. ശക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ലോകസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിരോധങ്ങളെ തടയണമെങ്കിൽ ബിജെപിയുടെ പ്രതിനിധി മാത്രമല്ല പ്രധാനമന്ത്രിയോടും സീനിയർ നേതാക്കളോടും അടുപ്പം പുലർത്തുന്ന ഒരു ആളും സർക്കാരിനെ നിലനിർത്തി പോകുന്നതിന് എന്ത് തീരുമാനവും എടുക്കുവാൻ കഴിയുന്ന നേതാവും സ്പീക്കർ ആയി വന്നില്ലെങ്കിൽ പ്രതിസന്ധികൾ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കും എന്ന് നരേന്ദ്രമോദിക്ക് നന്നായി അറിയാം….. അതുകൊണ്ടുതന്നെ ബിജെപി നേതാക്കൾ അല്ലാതെ പുറത്ത് ഒരാൾക്ക് സ്പീക്കർ പദവി നൽകാൻ പ്രധാനമന്ത്രി ഒരു കാരണവശാലും സമ്മതിക്കില്ല…. അതുപോലെതന്നെ ജെഡിയു നേതാവ് നിതീഷ് കുമാർ വലിയ പദവികളും പ്രധാനപ്പെട്ട വകുപ്പുകളും മന്ത്രിമാർക്ക് ആവശ്യപ്പെട്ടിരിക്കുകയാണ്….. ഇതും അംഗീകരിച്ചു കൊടുക്കുവാൻ ഇപ്പോഴത്തെ സ്ഥിതിയിൽ കഴിയാതെ വരും
രണ്ടു ഘട്ടങ്ങളിലായി സ്വന്തം ഭൂരിപക്ഷത്തിൽ സ്വന്തം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാരിനെ നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെൻറ് അകത്തും ഭരണ രംഗത്തും സ്വയം വിയർപ്പ് ഒഴുക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു എന്നതാണ് വരാനിരിക്കുന്ന സൂചനകൾ…… ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ ഹിന്ദുത്വ അജണ്ടകൾ അതേപടി നടപ്പിലാക്കുവാനും നിലവിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പല കാര്യങ്ങളും നടപ്പിൽ വരുത്തുവാൻ പുതിയ സർക്കാരിന് കഴിയാൻ സാധ്യതയില്ല….. കാരണം ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയിൽ പലപ്പോഴും സ്വന്തം പാർട്ടിയുടെ താൽപര്യങ്ങൾ മാത്രം പ്രതീക്ഷിക്കുന്ന കക്ഷികളുടെ പിന്തുണ സ്വീകരിക്കേണ്ടി വന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ ഗാംഭീര്യവും തളർത്തുന്ന സ്ഥിതിയിലേക്ക് എത്തിക്കും എന്നതാണ് വരാനിരിക്കുന്ന സംഭവാ വികാസങ്ങൾ