പുരോഗമനപരമായ പല ആശയങ്ങളും കൊണ്ടുവരികയും ആശയങ്ങളെ ഉൾക്കൊള്ളുകയും ചെയ്തിട്ടുള്ള മത വിഭാഗമാണ് മുസ്ലീങ്ങൾ…. ഇതിൽ തന്നെ കേരളത്തിലെ മുസ്ലിം സമൂഹം ഏത് കാലത്തും മാനവ സൗഹൃദത്തിനും പുരോഗമന ആശയങ്ങൾക്കും ഒപ്പം നിന്നിട്ടുള്ള ആൾക്കാരാണ്…. കേരളത്തിലെ മുസ്ലിം മത വിശ്വാസികൾക്കിടയിൽ വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്…. ഈ പാർട്ടിയുടെ ചില നേതാക്കൾ യാതൊരു ന്യായീകരണവും ഇല്ലാത്ത വിലക്കുകൾ സ്ത്രീകളുടെ മേൽ ചുമത്തി എന്നത് ഇപ്പോൾ വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വടകര നിയോജക മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു വന്നത് മുസ്ലിം ലീഗ് പാർട്ടികൂടി ഉൾപ്പെടുന്ന യുഡിഎഫിന്റെ സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ആയിരുന്നു…. വൻ ഭൂരിപക്ഷത്തിലാണ് ഷാഫി അവിടെ വിജയം നേടിയത്…. ഷാഫിയുടെ തെരഞ്ഞെടുത്ത് പ്രവർത്തനരംഗത്തും വലിയ വിജയത്തിന് പിന്നിലും ഈ മണ്ഡലത്തിലെ യുവതലമുറയുടെ പങ്കും പങ്കാളിത്തവും പ്രതീക്ഷയ്ക്ക് അപ്പുറം ഉള്ളതായിരുന്നു…. ഷാഫി പറമ്പിൽ എന്ന യുവ നേതാവിനെ എളിമയാർന്ന പ്രവർത്തന ശൈലികൾ മണ്ഡലത്തിലെ ചെറുപ്പക്കാർക്ക് ഇടയിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്…. ഇതുതന്നെയായിരുന്നു വലിയ ഭൂരിപക്ഷത്തിന്റെ അടിത്തറയും
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി നടത്തിയ റോഡ് ഷോയിൽ അവിടുത്തെ വനിതാ ലീഗ് പ്രവർത്തകരും വലിയതോതിൽ പങ്കെടുത്തു…. റോഡ് ഷോയിൽ ഒഴുകിയെത്തിയ വലിയ ജനാവലി ജനങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു…. വലിയ വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കുന്ന ചെറുപ്പക്കാരാണ് റോഡ് ഷോയിൽ വലിയ തോതിൽ ഉണ്ടായിരുന്നത്…. ഈ ആഹ്ലാദ തിമിർപ്പിൽ പങ്കുചേരാൻ വനിതാ ലീഗിൻറെ നേതാക്കളും പ്രവർത്തകരും എത്തി എന്നതാണ് ഇപ്പോൾ വലിയ തർക്കത്തിന് വഴിയൊരുക്കിയിരിക്കുന്നത്
മുസ്ലിം ലീഗ് പാർട്ടിയുടെ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി ഷാഹുൽ ഹമീദ് ഫോണിലൂടെ സംസാരിച്ച സന്ദേശം പുറത്തുവന്നതാണ് പുതിയ ലീഗിലെ തർക്കങ്ങൾ
ക്ക് അടിസ്ഥാനം…. മുസ്ലിം മത വിഭാഗത്തിൽ വിശ്വസിക്കുന്നവർക്ക് മതപരമായ വിലക്കുകൾക്ക് അനുസരിച്ചു മാത്രമാണ് പൊതു രംഗത്ത് പ്രത്യക്ഷപ്പെടാൻ കഴിയുക എന്നും സ്ത്രീകളായ ലീഗ് പ്രവർത്തകർ പരിധിവിട്ടുള്ള ആവേശങ്ങളിൽ പങ്കാളികൾ ആകരുത് എന്നും മതപരമായ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണം എന്നും തെരഞ്ഞെടുപ്പ് വിജയ ആഘോഷങ്ങളിൽ വനിത ലീഗിൻറെ പ്രവർത്തകർ പങ്കെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടില്ല എന്നും ഒക്കെയുള്ള സംഭാഷണങ്ങളാണ് പുറത്തുവന്നത്
ലീഗ് പാർട്ടിയുടെ പ്രാദേശിക നേതാവ് നടത്തിയ ഈ വിലക്ക് പരസ്യമായതോടുകൂടി വനിതാ ലീഗിൻറെ നേതാക്കളും പ്രവർത്തകരും തുല്യമായ ആവേശത്തോടെ പ്രതിഷേധവുമായി രംഗത്തുവരികയാണ് ചെയ്തിരിക്കുന്നത്…. സ്ത്രീ ആയി ജനിച്ചു എന്നത് ഞങ്ങളുടെ അയോഗ്യത ആണോ എന്നും സ്ത്രീപുരുഷ സമത്വത്തിന്റെ ശബ്ദം ഉയരുന്ന ഈ കാലത്ത് ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകൾ ജനങ്ങൾ അംഗീകരിക്കില്ല എന്നും ഉള്ള പരസ്യ പ്രസ്താവനകളുമായാണ് വനിതാ ലീഗ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്…. ലോകസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പങ്കാളിയായ യുഡിഎഫിന് ഉണ്ടായ വലിയ നേട്ടത്തിന്റെ ആവേശം പോലും കളയുന്നതാണ് ഈ പ്രസ്താവനകളും തർക്കങ്ങളും എന്ന അഭിപ്രായവും ലീഗ് പാർട്ടി നേതാക്കളിൽ ഉണ്ട്
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മുസ്ലിം ലീഗ് പാർട്ടിയിൽ ചില ആഭ്യന്തര കലഹങ്ങൾ രൂപപ്പെട്ടിരുന്നു…. മുസ്ലിം ലീഗ് പാർട്ടിയും സമസ്തയും തമ്മിലുണ്ടായ തർക്കങ്ങൾ തെരഞ്ഞെടുപ്പിൽ ബാധിക്കും എന്നുള്ള രീതിയിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു…. ഏതായാലും സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരത്തിൻറെ അടിയൊഴുക്കിൽ മുസ്ലിം ലീഗിൻറെ സ്ഥാനാർത്ഥികൾ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ചുവരുന്ന സ്ഥിതി ഉണ്ടായി…. ആ അനുകൂല സാഹചര്യത്തിനിടയിൽ ഇത്തരത്തിൽ സ്ത്രീ വിലക്ക് തുടങ്ങിയ കാര്യങ്ങൾ പൊതുസമൂഹത്തിനിടയിൽ ചർച്ചയാക്കുന്നത് നല്ലതല്ല എന്ന അഭിപ്രായമാണ് മുതിർന്ന ലീഗ് നേതാക്കൾക്ക് ഉള്ളത്
മുസ്ലിം ലീഗ് ഔദ്യോഗിക നേതൃത്വവും വനിതാ ലീഗ് നേതൃത്വവും തമ്മിൽ അത്ര രസകരമല്ലാത്ത രീതിയിൽ നീങ്ങാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി…. ഇടയ്ക്ക് പരിധിവിട്ട പ്രസ്താവനകൾ വന്നപ്പോൾ വനിതാ ലീഗിൻറെ ചില നേതാക്കളെ സസ്പെൻഡ് ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു… പുറത്താക്കിയവരെ തിരിച്ചെടുത്തു കൊണ്ട് തെരഞ്ഞെടുപ്പിന് മുൻപ് പ്രശ്നപരിഹാരത്തിന് പാർട്ടിനേതൃത്വം വഴിയൊരുക്കിയിരുന്നു…. ഇപ്പോൾ വീണ്ടും പുതിയ തർക്കം ഉടലെടുക്കുന്നത് പാർട്ടിയിൽ ചേരിതിരിവ് ഉണ്ടാക്കും എന്ന അഭിപ്രായവും ചില നേതാക്കൾക്ക് ഉണ്ട്