ഇറങ്ങിപ്പോകു മന്ത്രിമാരെ എന്ന് പറയുന്നത് ഭരണകക്ഷി നേതാക്കൾ

മന്ത്രിമാർ എല്ലാരും നിർഗുണ പരബ്രഹ്മങ്ങൾ

ലോകസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനം നടത്തുന്നതിനായി ഇടതുപക്ഷ മുന്നണിയിലെ പ്രധാന കക്ഷികൾ എല്ലാം യോഗം ചേർന്നു കഴിഞ്ഞു. എല്ലാ യോഗത്തിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ അതിരൂക്ഷമായ വിമർശനം ആണ് ഉയർന്നത്.  മന്ത്രിസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ ജില്ലാ കൗൺസിൽ യോഗങ്ങളിൽ എല്ലാം സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്ക് നേരെ വരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉണ്ടായി. നാണം ഉണ്ടെങ്കിൽ ജനങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന ഭരണകൂടത്തിൽ ഇരിക്കാതെ രാജിവച്ചു പോകൂ എന്നാണ് സിപിഐയുടെ പല ജില്ലാ കൗൺസിൽ യോഗങ്ങളിലും നേതാക്കൾ വരെ വിമർശിച്ചത്.

മന്ത്രിസഭ യോഗങ്ങളിലും മറ്റു പരിപാടികളിലും വേദിയിൽ ഇരുന്നുകൊണ്ട് മൈക്കിന് മുന്നിൽ എത്തി മുഖ്യമന്ത്രിയെ പുകഴ്ത്തൽ മാത്രമാണ് ഈ സർക്കാരിലെ എല്ലാ മന്ത്രിമാരുടെയും സ്ഥിരം ഏർപ്പാട് എന്ന വിമർശനമാണ് മുതിർന്ന നേതാക്കൾ വരെ ഉയർത്തിയിരിക്കുന്നത്. നിലവിൽ ഭരണത്തിൽ ഇരിക്കുന്ന ഒരു മന്ത്രിയും കാര്യമായി ഒന്നും ചെയ്യുന്നില്ല. ജനങ്ങളിൽ നിന്നും മുഖം തിരിഞ്ഞു നിന്നുകൊണ്ട് എല്ലാം ശരിയാകും എന്ന് പറഞ്ഞാൽ, അത് ഏറെക്കാലം ജനം സഹിക്കില്ല അതിൻറെ തിരിച്ചടിയാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി നേരിട്ടതെന്ന് കണക്കുകൾ നിരത്തി നേതാക്കൾ പ്രസ്താവിച്ചു. ജനങ്ങളോട് അല്പം എങ്കിലും ബാധ്യതയും മാന്യതയും ഉണ്ടെങ്കിൽ ഈ നാണംകെട്ട ഭരണം തുടർന്നു പോകാതെ മുഖ്യമന്ത്രിയടക്കം രാജിവച്ചുകൊണ്ട് പുതിയ ആൾക്കാരെ ഭരണത്തിനായി കണ്ടെത്തണം എന്ന നിർദ്ദേശവും നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന സ്ഥിതി ഉണ്ടായി.

സിപിഐയുടെ എറണാകുളം തിരുവനന്തപുരം ആലപ്പുഴ തൃശ്ശൂർ ജില്ലാ കൗൺസിൽ യോഗങ്ങളിൽ ആണ് സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നത്. മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും മാറണമെന്നും ആർക്കും ഇനി ആ സ്ഥാനത്തിരിക്കാൻ അർഹതയില്ല എന്നും ഈ ജില്ലാ കൗൺസിൽ യോഗങ്ങളിൽ അഭിപ്രായം ഉയർന്നു. ധനകാര്യ വകുപ്പ് മന്ത്രിയാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ഒന്നാം പിണറായി സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ ഉള്ള യോഗ്യത പോലും ഇപ്പോഴത്തെ ധനകാര്യ മന്ത്രിക്ക് ഇല്ല എന്ന് വരെ വിമർശനം ഉണ്ടായി.

സിപിഐയുടെ തൃശ്ശൂർ ജില്ലാ കൗൺസിൽ തൃശ്ശൂർ മണ്ഡലത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉണ്ടായ ഭീമമായ പരാജയമായിരുന്നു മുഖ്യവിഷയം. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിന്റെ നേതാക്കൾ രൂപപ്പെടുത്തിയ പാക്കേജ് നടപ്പിലാക്കിയതാണ് ഇടതുമുന്നണിയുടെ തോൽവിക്ക് കാരണം. കൺവീനർ ജയരാജൻ ബിജെപി നേതാവ് ജാവ ടേക്കറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയും, അതിൽ കൈകൊണ്ട് തീരുമാനങ്ങളുമാണ് തൃശ്ശൂരിൽ സിപിഎം നടപ്പിൽ വരുത്തിയത് എന്നാണ് വിമർശനം ഉണ്ടായത്. അതുപോലെതന്നെ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് കേസിൽ പിടിയിലായ ആളായിരുന്നു. ആ ആളിനെ തന്നെ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ആക്കിയതിൽ വലിയ തിരിച്ചടി ഉണ്ടായി എന്ന വിലയിരുത്തലും ജില്ലാ കൗൺസിൽ യോഗങ്ങളിൽ ഉണ്ടായി. സിപിഐ ജില്ലാ കൗൺസിൽ യോഗങ്ങളിൽ എല്ലാം, സ്വന്തം മന്ത്രിമാർക്കെതിരെ കടുത്ത ഭാഷയിൽ നേതാക്കൾ വിമർശനം ഉയർത്തി. നിലവിലെ സർക്കാരിൽ ഉള്ള സിപിഐ മന്ത്രിമാർ വെറും മണ്ടന്മാരും പിടിപ്പുകട്ടവരും ഉറക്കം തൂങ്ങികളും ആണ് എന്ന് വിമർശനം ആണ് നേതാക്കൾ ഉയർത്തിയത്.

തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി നടത്തിയ കേരളം ഒട്ടാകെ നടന്ന നവകേരള സദസ്സുകൾ ജനങ്ങളെ ആകർഷിക്കാൻ വേണ്ടി എന്നാണ് പറഞ്ഞതെങ്കിൽ മുഴുവൻ ജനങ്ങളും ഈ സദസ്സിന്റെ പേരിൽ അകലുന്ന കാഴ്ചയാണ് ഉണ്ടായത്. നവ കേരള സദസ്സുകളിൽ പരാതികൾ സമർപ്പിച്ചവരിൽ ഒരാളുടെ പരാതി പോലും പരിഹരിക്കപ്പെട്ടില്ല. നവ കേരള സദസ്സുകളിൽ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റുകളും നൽകിയ നിവേദനങ്ങൾ അതേപടി പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരിച്ചയക്കുന്ന ഏർപ്പാടാണ് ഉണ്ടായത് എന്നും നേതാക്കൾ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് നടന്നുവന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലും, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വലിയ തോതിൽ കുറ്റപ്പെടുത്തിയിരിക്കുകയാണ്.  മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തോടെയുള്ള പ്രവർത്തന ശൈലി ജനങ്ങളെ വലിയതോതിൽ അകറ്റുന്നതിന് വഴിയൊരുക്കി എന്നും, ഇത് മാത്രമല്ല രണ്ടാം പിണറായി സർക്കാരിൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എല്ലാ സാമൂഹിക പെൻഷനുകളും മുടങ്ങിയതും, സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് നിത്യോപയോഗ സാധനങ്ങൾ ന്യായവിലക്ക് നൽകുന്ന ചില്ലറ വില്പന ശാലകൾ കാലിയായതും, ജനങ്ങളിൽ വലിയ പ്രതിഷേധം ഉണ്ടാക്കി എന്നും സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നതായിട്ടാണ് അറിയുന്നത്. അതുകൊണ്ടുതന്നെ സർക്കാരിൻറെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പുനഃ പരിശോധന നടത്തി. ആവശ്യമായ മാറ്റങ്ങൾ പ്രവർത്തന ശൈലിയിലും നയങ്ങളിലും ഉണ്ടാക്കണം എന്നും അതല്ല എങ്കിൽ സിപിഎം എന്ന ശക്തമായ പ്രസ്ഥാനത്തിന് ഭാവിയിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി അറിയുന്നുണ്ട്.

ഏതായാലും ശരി രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിൽ എത്തിയപ്പോൾ പൊതുജനങ്ങൾ ലോകസഭാ തിരഞ്ഞെടുപ്പിലൂടെ എതിരായ തിരിച്ചടി നൽകി എങ്കിൽ അതിനേക്കാൾ ശക്തമായ പ്രതിഷേധമാണ് സിപിഎം, സിപിഐ പാർട്ടികളിൽ നിന്ന് വരെ ഉയരുന്നത്. മുഖ്യമന്ത്രി എന്നതിനപ്പുറം വലിയ പേരുകൾ നൽകി കൊണ്ടാണ് പാർട്ടി സഖാക്കൾ പിണറായി താലോലിച്ചിരുന്നത്. ക്യാപ്റ്റൻ ആയും കാരണഭൂതനായും ഒക്കെ വിശേഷിപ്പിച്ചിരുന്ന സാക്ഷാൽ പിണറായി വിജയനെ പാർട്ടിയിലെ നേതാക്കൾ വരെ തള്ളിപ്പറയുന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. ഈ പ്രതിസന്ധികളിൽ എങ്ങനെ മുന്നോട്ടു നീങ്ങുന്നു എന്ത് തീരുമാനം എടുക്കുന്നു എന്നതിന് ആഗ്രഹിച്ചായിരിക്കും കേരളത്തിൽ സിപിഎമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും നിലനിൽപ്പ്.