ലോകസഭാ തെരഞ്ഞെടുപ്പിൽ പലതരത്തിലുള്ള കളികൾ നടന്നതായി പരാതി… തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയാലും തമ്മിലടിക്കാതെ ഉറക്കം വരാത്ത നേതാക്കളുള്ള ഒരു രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസ് മാറിയിട്ടുണ്ട്..
സാധാരണ തോൽവി ഉണ്ടാകുമ്പോൾ അതിനെ പറ്റിയുള്ള വിമർശനങ്ങൾ ഉയരുകയും അതിൻറെ പേരിൽ സംഘർഷം ഉണ്ടാവുകയും ചെയ്യുക പതിവാണ്… എന്നാൽ ഈ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും വമ്പൻ വിജയമാണ് നേടിയത്… 2019 ൽ നേടിയ അതേ രീതിയിലുള്ള അതിശക്തമായ വിജയമാണ് ഈ തെരഞ്ഞെടുപ്പിലും യുഡിഎഫിന് നേടുവാൻ കഴിഞ്ഞത്… തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് സ്ഥാനാർഥികളിൽ ഏതാണ്ട് എല്ലാവരും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്ന സ്ഥിതി ഉണ്ടായി…. അഭിമാനകരമായ ഈ നേട്ടം ആഘോഷിക്കുന്നതിന് പകരം ആദ്യം തന്നെ അങ്കം വെട്ട് തുടങ്ങിയത് തൃശ്ശൂരിലായിരുന്നു…
അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് വലിയ തർക്കത്തിനും വഴക്കിനും കാരണമായി… തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഗ്രൂപ്പ് തിരിഞ്ഞു പ്രവർത്തകർ പലതവണ അടിവച്ചു പിരിയുന്ന സാഹചര്യവും ഉണ്ടായി.. തൃശ്ശൂരിൽ നിലവിൽ എംപിയായിരുന്ന പ്രതാപനെ ഒഴിവാക്കി വടകര മണ്ഡലത്തിൽ നിന്നും മുരളീധരനെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കിയ നേതാക്കളുടെ നടപടിയിൽ പ്രതിഷേധമുള്ള വിഭാഗം,, മുരളീധരനെതിരെ പരസ്യമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തി എന്ന പരാതിയാണ് ആദ്യം ഉയർന്നത്…
മുരളീധരനെതിരായി ഡിസിസി പ്രസിഡൻറ് വരെ അണിയറ നീക്കങ്ങൾ നടത്തി എന്നാരോപണവും പുറത്തുവന്നു… ഒടുവിൽ പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് തൃശ്ശൂർ ഡിസിസി പ്രസിഡണ്ടിനെയും ജില്ലാ യുഡിഎഫ് ചെയർമാനെയും സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായി… എന്നാൽ ഇതിനുശേഷവും ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കിടയിൽ നേതാക്കന്മാർ തമ്മിൽ അതിരൂക്ഷമായ ഭിന്നതയും തർക്കവും ഇപ്പോഴും നിലനിൽക്കുയാണ്…ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളുടെ പേരിൽ വലിയ ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്ന മറ്റൊരു ജില്ലയാണ് തിരുവനന്തപുരം…
തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ നിലവിൽ എംപിയായിരുന്ന ശശി തരൂർ അവസാന റൗണ്ടിൽ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവെങ്കിലും അവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിന്നും ഒരുപറ്റം നേതാക്കൾ മാറിനിന്നു എന്ന പരാതി ശശി തരൂർ തന്നെയാണ് പരസ്യമായി പറഞ്ഞത്…
ചില നേതാക്കൾ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന് വേണ്ടി രഹസ്യമായി പ്രവർത്തിച്ചു എന്നു വരെ പരാതികൾ ഉയരുകയുണ്ടായി… ഇപ്പോഴും തർക്കം നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി പുന സംഘടിപ്പിക്കുന്ന ആലോചനയിലാണ് കെ പി സി സി നേതൃത്വം എന്നാണ് അറിയുന്നത്… നിലവിൽ ഡിസിസി പ്രസിഡണ്ടായ പാലോട് രവിയെ പറ്റി പലതരത്തിലുള്ള പരാതികളും ആരോപണങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്… സാമ്പത്തിക ക്രമക്കേടുകൾ വരെ പാലോട് രവിക്കെതിരെ ഉയരുന്നുണ്ട്….
ഇതെല്ലാം പരിഗണിച്ചു പുതിയ ഡിസിസി പ്രസിഡണ്ടിനെ കണ്ടെത്തുകയാണ് പാർട്ടി നേതൃത്വം ആലോചിക്കുന്ന പോംവഴി….ആലപ്പുഴയിലെ കോൺഗ്രസ് ജില്ലാ നേതാക്കളുടെ കാര്യത്തിലും വ്യാപകമായി പരാതികൾ ഉയർന്നുകൊണ്ടിരിക്കുകയാണ്… ജില്ലാ കോൺഗ്രസ് നേതൃത്വം കാര്യക്ഷമമായി തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ല എന്നതാണ് വോട്ട് കുറയുവാനും, ചില സ്ഥലങ്ങളിൽ കോൺഗ്രസ് ആഭിമുഖ്യമുള്ള പ്രദേശങ്ങളിൽ വോട്ട് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന് ലഭിക്കുന്നതിന് സാധ്യത ഉണ്ടാക്കിയതെന്നുമുള്ള പരാതികളാണ് ഇവിടെ ഉയരുന്നത്… കോൺഗ്രസിന്റെ ദേശീയ നേതാവായി മാറിയ കെ സി വേണുഗോപാൽ ഇവിടെ മത്സരിച്ചു ജയിച്ചുവെങ്കിലും ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥി വോട്ടിന്റെ കാര്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയത് പാർട്ടിയെ അമ്പരപ്പിച്ചിരുന്നു…
ചില അസംബ്ലി മണ്ഡലങ്ങളിലെ കോൺഗ്രസ് ഭാരവാഹികൾ തെരഞ്ഞെടുത്ത പ്രവർത്തനങ്ങളിൽ നിന്നും മാറിനിന്നു എന്ന പരാതിയും ഉയരുന്നുണ്ട്… ഇതെല്ലാം പരിഗണിച്ച് അവിടെയും പുതിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ കണ്ടെത്തുക എന്നതാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്…ഏതായാലും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യമാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്… പതിവിന് വിപരീതമായി കനത്ത തോൽവിയുടെ പേരിൽ ഇടതുപക്ഷ മുന്നണിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്..
ഇത് ഏതു തെരഞ്ഞെടുപ്പ് കഴിയുമ്പോഴും,, തോൽക്കുന്ന മുന്നണിയിലും പാർട്ടികളിലും സ്വാഭാവികമായും ഉണ്ടാകാറുള്ളതാണ്,,, എന്നാൽ രാജ്യമൊട്ടാകെ നടക്കുന്ന വലിയ പ്രാധാന്യമുള്ള ലോകസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ ശേഷവും നേതാക്കളും പാർട്ടി പ്രവർത്തകരും തെരുവിൽ തല്ലുന്ന സ്ഥിതിയിലേക്കെത്തുന്ന ഒരു പാർട്ടി,, അത് കോൺഗ്രസ് മാത്രമാണ്… അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം,, കോൺഗ്രസ് പാർട്ടിക്ക് കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ പൊതുജനത്തെ ചിരിപ്പിക്കാൻ വേണ്ടി മാത്രം വഴിയൊരുക്കി കൊണ്ടിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ…