പാൽ ചേർത്ത് ചായ കുടിക്കുന്ന പതിവ് കേരളത്തിലോ രാജ്യത്തോ മാത്രമല്ല മനുഷ്യരുള്ള എല്ലായിടങ്ങളിലും നിലനിൽക്കുന്ന ഒരു ശീലമാണ്… മലയാളിയെ സംബന്ധിച്ചിടത്തോളം രാവിലെ ഉറക്കമുണർന്നാൽ കട്ടൻ ചായയും, പത്രവും ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്.. എന്നാൽ ഇതിൽ ഭൂരിപക്ഷം ആൾക്കാരും കട്ടൻ ചായക്ക് പകരം പാലൊഴിച്ച ചായ കുടിക്കുന്ന ശീലക്കാരാണ്…
കേരളത്തിലെ ജനങ്ങളുടെ ജീവിതസാഹചര്യം രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലെ പോലെയല്ല.. കേരളം മൊത്തത്തിൽ ഒരു നഗരമായിട്ടുണ്ട്… ഗ്രാമീണർ ചുരുങ്ങുകയും,, നഗര കേന്ദ്രീകൃതമായി ജീവിക്കുന്നവർ കേരളത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗമായപ്പോൾ നഗരത്തിൽ കഴിയുന്ന ആൾക്കാരെ സംബന്ധിച്ചിടത്തോളം പശുവിനെ കറന്നെടുക്കുന്ന പാലോ, വിതരണക്കാർ കുപ്പിയിലാക്കി കൊണ്ടുവരുന്ന പാലോ ഉപയോഗിക്കാൻ ലഭിക്കുക എന്നത് നടക്കാത്ത കാര്യമാണ്..
അതുകൊണ്ടുതന്നെ കടകളിലും സൂപ്പർമാർക്കറ്റുകളിലും സുലഭമായി കിട്ടുന്ന പാക്കറ്റ് പാലും പാൽപ്പൊടിയും ആശ്രയിക്കുകയാണ് കേരളീയരിൽ കൂടുതൽ ആൾക്കാരും…. ഇങ്ങനെ വരുന്ന കൃത്രിമ പാൽ അഥവാ സിന്തറ്റിക് പാലിൻറെ അവസ്ഥയെക്കുറിച്ച് അറിഞ്ഞു കൊണ്ടാണ് കേന്ദ്ര ക്ഷീരവികസന കൃഷി കാര്യമന്ത്രിയും മലയാളിയുമായ ജോർജ് കുര്യൻ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്… വിൽപ്പനയ്ക്ക് രാജ്യത്ത് പലയിടത്തും എത്തുന്ന സിന്തറ്റിക് പാൽ ആരോഗ്യത്തിന് ഹാനികരമാണ് എന്ന മുന്നറിയിപ്പാണ് മന്ത്രി നൽകിയിരിക്കുന്നത്..
ഇതിനെതിരെ നിയമ നടപടി എടുക്കാൻ കഴിയാത്തതിനാൽ ഇത് ഉപയോഗിക്കുന്ന ആൾക്കാരെ അതിൽ നിന്നും അകറ്റുന്നതിനുള്ള ബോധവൽക്കരണ പരിപാടികളാണ് നടത്തുവാൻ കഴിയുക എന്നും മന്ത്രി പറയുന്നു..കേരളം എല്ലാംകൊണ്ടും ഒരു തികഞ്ഞ ഉപഭോക്തൃ സംസ്ഥാനമാണ്.. നിത്യ ജീവിതത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളടക്കം അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതിന് ആശ്രയിച്ചു ജീവിക്കുന്നവരാണ് കേരളീയർ..
ആകർഷകമായ പാക്കറ്റുകളിൽ എത്തുന്ന പാൽപ്പൊടിയടക്കം വാങ്ങിക്കൂട്ടി എളുപ്പത്തിൽ കാര്യങ്ങൾ കഴിച്ചുകൂട്ടുന്ന ശീലക്കാരായി കേരളീയർ മാറിയിട്ടുണ്ട്.. പാക്കറ്റ് ഫുഡ് എന്ന് പറയുന്നത് മലയാളികളുടെ പ്രത്യേകിച്ചും നഗരവാസികളുടെ അതിലുപരി പുതുതലമുറയുടെ ആവേശമായി മാറി കഴിഞ്ഞു.. വീട്ടിൽ സാധനങ്ങൾ വാങ്ങി വെച്ച് അതുപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കി കഴിക്കുന്ന ശീലത്തിൽ നിന്നും മാറിയ മലയാളി എളുപ്പം നോക്കി പാക്കറ്റ് ഫുഡുകളെയും മറ്റും ആശ്രയിക്കുകയാണ്…
ഇത് വ്യാപകമായിക്കൊണ്ടിരിക്കുന്നതാണ് കേരളത്തിൽ ജീവിതശൈലി രോഗങ്ങൾ പെരുകുന്നതിന് ഏറ്റവും വലിയ കാരണമായിരിക്കുന്നത്…പാൽപ്പൊടിയും പാലും ചേർത്തുണ്ടാക്കുന്ന പാക്കറ്റ് ഫുഡുകൾ അതിൻറെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത് പോലെ അത്ര നല്ല ഭക്ഷണം അല്ല എന്ന് തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു…പല പേരുകളിൽ പല വർണ്ണങ്ങൾ നിറഞ്ഞ പാക്കറ്റുകളിൽ കടകളിൽ തൂങ്ങി കിടക്കുന്ന ചിപ്സ് ഇനങ്ങൾ പോലും അപകടകാരിയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്…
കുട്ടികളെ വലിയതോതിൽ ആകർഷിക്കുന്ന പാലു ചേർത്ത ഉൽപ്പന്നങ്ങൾ യഥാർത്ഥത്തിൽ കൃത്രിമ പാൽ ഉപയോഗിച്ച് നിർമ്മിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്… കൊച്ചുകുട്ടികളിൽ ഇത്തരത്തിലുള്ള മിഠായികളും ചിപ്സുകളും മറ്റു മധുര പലഹാരങ്ങളും പാൽ ചേർത്ത ഉൽപ്പന്നങ്ങളായിട്ടാണ് വില്പനശാലകളിൽ എത്തുന്നത്… കുട്ടികളെ രുചി കൊണ്ട് വലിയതോതിൽ ആകർഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കൾ കുട്ടിക്കാലം മുതൽ തന്നെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു എന്ന തിരിച്ചറിവിലേക്ക് മാതാപിതാക്കൾ എത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു…
ഏതായാലും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും മുന്നറിയിപ്പും സമൂഹം പ്രാധാന്യത്തോടെ കാണേണ്ടതാണ്… നമുക്ക് ലഭ്യമാകുന്ന പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും കാര്യത്തിൽ ഒരു പുനഃ പരിശോധന പൊതുസമൂഹം നടത്തണം… പണ്ടുകാലം മുതൽക്കേ കേരളം പാലിൻറെ കാര്യത്തിൽ കുറെയൊക്കെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടിയിട്ടുള്ളതാണ് … നമ്മുടെ നാട്ടിൻപുറങ്ങളിൽ മിക്കവാറും വീടുകളിൽ പശുവിനെയും, എരുമയെയും, ആടിനെയും ഒക്കെ വളർത്തി പാൽ ഉൽപാദനം ചെറുകിട വ്യവസായമായി കണ്ടുകൊണ്ട് ആ തൊഴിലിൽ ഏർപ്പെടുന്ന നല്ലൊരു വിഭാഗം ആൾക്കാരുമുണ്ട്… കേരളത്തിൽ ആനന്ദ് മാതൃകയിൽ പ്രവർത്തനം ആരംഭിച്ച മിൽമ ഇപ്പോഴും കാര്യക്ഷമമായി പാലിന്റെ കാര്യത്തിൽ ഇടപെടൽ നടത്തുന്നുണ്ട്…
മിൽമ ഒരു സഹകരണ പ്രസ്ഥാനമാണ്… മിൽമയുടെ കീഴിൽ പ്രവർത്തിക്കുന്ന നാട്ടിൻപുറങ്ങളിലെ പ്രാഥമിക ക്ഷീര വികസന സംഘങ്ങൾ അവിടെയുള്ള പാൽ ഉൽപാദകരിൽ നിന്നും പാൽ ശേഖരിക്കുകയും, അത് മിൽമയുടെ ഫാക്ടറികളിൽ എത്തിച്ചു ശുദ്ധീകരിച്ചു പാക്കറ്റുകളിലാക്കി തിരികെ ജനങ്ങൾക്ക് വിൽപ്പന നടത്തുന്ന സമ്പ്രദായമാണ് ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്നത്…
ഈ സംവിധാനം നിലനിൽക്കുന്നത് കൊണ്ടാണ് കേരളത്തിൽ നഗരവാസികളടക്കം സിന്തറ്റിക് പാൽ അടക്കമുള്ള പാക്കറ്റ് പാലുകൾ വാങ്ങിക്കാതെ മുന്നോട്ടുപോകുന്നത്…കേരളം പോലെ എല്ലാ ജീവിതകാര്യങ്ങളിലും വിപണികളെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹത്തിനുമുന്നിൽ നല്ല തോതിലുള്ള ബോധവൽക്കരണം നടത്തി സിന്തറ്റിക് പാലിനെ കണ്ണടച്ച് വിശ്വസിച്ച് നിത്യ ഉപയോഗത്തിന് വാങ്ങുന്ന ഏർപ്പാടിൽ നിന്നും സമൂഹത്തെ മാറ്റിയെടുക്കാൻ വ്യാപകമായ ശ്രമം ഉണ്ടാകണം എന്ന് തന്നെയാണ് ഓരോ ജനങ്ങളുടെയും ആത്മാർത്ഥമായ അഭിപ്രായം….