മലയാള സിനിമ മേഖല തട്ടിപ്പിന്റെ കേന്ദ്രം ആകുന്നു

മഞ്ഞുമ്മൽ ബോയ്സിലൂടെ പുറത്തുവന്ന തട്ടിപ്പ് പണികൾ ആവർത്തിക്കുന്നു

 

ഇന്ത്യയിലെ മറ്റു ഭാഷ സിനിമ മേഖല പോലെ അത്ര വലിയ വിപുലമായ വളർച്ച നേടിയ രംഗമല്ല മലയാള സിനിമ. ലോകം മലയാളികൾ വളരെ കുറഞ്ഞ പ്രദേശത്ത് മാത്രം ഉള്ളവരാണ് മലയാളത്തിൽ പുറത്തുവരുന്ന ചിത്രങ്ങൾ. പ്രദർശിപ്പിക്കുന്നതിനുള്ള തിയേറ്റർ സൗകര്യങ്ങളും വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ ചെറിയ ബജറ്റുകളിൽ ഒതുങ്ങി നിന്ന് സിനിമ നിർമ്മാണം പൂർത്തിയാക്കി മാന്യമായ ലാഭം നേടുന്ന ഒരു ബിസിനസ് മാത്രമാണ് മലയാള സിനിമാലോകത്ത് നടക്കുന്നത്. എന്നാൽ അടുത്തകാലത്തായി സിനിമ പ്രദർശനത്തിന്റെ സാങ്കേതിക സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ വന്നതോടുകൂടി ഈ രംഗത്ത് തട്ടിപ്പുകളും വ്യാപകമായി എന്നതാണ് വാസ്തവം പലതരത്തിലുള്ള സിനിമാരംഗത്ത് നടക്കുന്ന തട്ടിപ്പുകളുടെ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

അടുത്തകാലത്ത് മലയാളത്തിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ പുറത്തുവന്ന ശേഷമാണ് സിനിമയ്ക്ക് ഉള്ളിൽ നടക്കുന്ന വലിയ സാമ്പത്തിക തട്ടിപ്പുകളുടെ പുതിയ കഥകൾ പുറത്തുവന്നത്. അടുത്തകാലത്ത് ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള സംഭവങ്ങളാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പേരിൽ അരങ്ങേറിയത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പടങ്ങൾ പോലും തിയേറ്ററുകളിൽ എത്തി ആഴ്ചകൾ ഓടിക്കഴിയുമ്പോഴും, പത്തു കോടി പോലും കളക്ഷൻ ഉണ്ടാകാതെ മരവിച്ചു നിൽക്കുമ്പോൾ ആണ്, വെറും സാദാ താരങ്ങൾ മാത്രം അഭിനയിച്ച ന്യൂജൻ സിനിമ എന്ന പേരിൽ പുറത്തുവന്ന മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിലെത്തി ഒരാഴ്ച എത്തുമ്പോൾ തന്നെ 25 കോടിയുടെ കളക്ഷൻ ഉണ്ടാക്കിയ വാർത്ത പുറത്തുവന്നത്. ആ സിനിമ ഒരു മാസം പിന്നിട്ടപ്പോൾ കളക്ഷൻ 200 കോടിയിൽ എത്തി എന്ന് വരെ പ്രചാരണം നടന്നു ഈ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ ചിലർ കേസുമായി കോടതിയിൽ എത്തിയപ്പോഴാണ് ഈ സിനിമയുടെ മറുവശത്ത് നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ സൂചനകൾ പുറത്തുവന്നത്. സിനിമയുടെ കളക്ഷൻ കോടികളുടെ വമ്പൻ തുകയാക്കി പ്രചാരണത്തിൽ വരുത്തി അതിൻറെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്ന വിദഗ്ധമായ തട്ടിപ്പ് നടന്നു എന്നാണ് അറിയുന്നത്.

ഇതിനു പുറകെയാണ് മലയാള സിനിമ മേഖല കേന്ദ്രീകരിച്ച് പലതരത്തിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളുടെ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തിയേറ്ററിലൂടെ റിലീസ് ചെയ്യുന്ന സിനിമകൾക്കൊപ്പം വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന ഒന്നാണ് ഒ ടി ടി റിലീസ് എന്ന പരിപാടി. പ്രമുഖ ചാനലുകളിൽ സിനിമയുടെ ഡിജിറ്റൽ അവകാശം വാങ്ങി തരാം എന്ന് പറഞ്ഞുകൊണ്ട് പുറത്തു വരാത്ത സിനിമകളുടെ നിർമാതാക്കളെ സമീപിക്കുകയും അവരിൽ നിന്നും അഡ്വാൻസായി വലിയ തുക കൈപ്പറ്റുകയും ചെയ്ത തട്ടിപ്പ് സംഘത്തിൻറെ വിവരങ്ങൾ പുറത്തുവന്നു. ഈ സംഭവം പരസ്യമായതോടുകൂടി ചിലർ സിനിമാനിർമ്മാതാക്കളുടെ സംഘടനയിൽ പരാതി പറഞ്ഞ് അതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്.

ഒ ടി ടി അവകാശം ഇതുവരെ വിൽപ്പന നടത്താത്ത 200ലധികം മലയാള സിനിമകൾ ഉണ്ട് എന്നാണ് പറയുന്നത്. ഇതിൻറെ നിർമ്മാതാക്കളെ കണ്ടുപിടിച്ചാണ് തട്ടിപ്പ് സംഘം പണം സ്വന്തമാക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് നടത്തുന്ന ഒ ടി ടി പ്ലാറ്റ്ഫോമിൽ അവർ നൂറോളം സിനിമകൾ എടുക്കാൻ തയ്യാറായിരിക്കുന്നു എന്നും അതിനുള്ള ഏർപ്പാടുകൾ ശരിയാക്കാം എന്നും പറഞ്ഞ് നിർമ്മാതാക്കളെ സമീപിച്ച് വലിയ തുക കമ്മീഷൻ ആയി മേടിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇത്തരത്തിൽ നിർമ്മാതാക്കളെ സമീപിക്കുന്ന ചില ഏജൻറ് മാർ നിർമ്മാതാക്കളുമായി കരാർ ഉണ്ടാക്കുന്നതായും വിവരം ലഭിക്കുന്നുണ്ട്. സിനിമാ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും, ഡിജിറ്റൽ അവകാശം വിൽക്കാൻ കഴിയാതെ കിടക്കുന്ന സിനിമകളുടെ നിർമാണക്കളാണ് സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തരം ഏജൻറ് മാരുടെ വലയിൽ വീഴുന്നത്. പടത്തിന്റെ ഡിജിറ്റൽ അവകാശം പോലും വിൽക്കാൻ കഴിയാതെ സാമ്പത്തിക വിഷമത്തിൽ നിൽക്കുന്ന നിർമ്മാതാക്കളിൽ നിന്നും വലിയ വാഗ്ദാനങ്ങൾ നൽകി പിന്നെയും പണം തട്ടിയെടുക്കുന്ന ഏജൻറ് മാരുടെ വ്യാപകമായ സാന്നിധ്യം കേരളത്തിൽ ഉണ്ട് എന്നാണ് നിർമ്മാതാക്കളുടെ സംഘടന നടത്തിയ അന്വേഷണത്തിൽ അറിയുന്നത്.

ഇതിനുപുറമേയാണ് പുതിയതായി സിനിമാ മോഹവുമായി കടന്നു വരുന്ന ചില നിർമ്മാതാക്കളെ വലയിൽ വീഴിക്കാൻ മറ്റു ചില തന്ത്രങ്ങളുമായി ചിലർ നടക്കുന്നത് കയ്യിൽ കുറച്ചു പണം ഉള്ളതുകൊണ്ട് സിനിമ നിർമ്മിക്കാം എന്ന മോഹിക്കുന്ന ആൾക്കാരെയാണ് ഈ കൂട്ടർ തട്ടിപ്പിന് ഇരയാക്കുന്നത്. സിനിമയുടെ കഥയും മറ്റും റെഡിയാണെന്നും താരങ്ങളുടെ ഡേറ്റ് വാങ്ങലാണ് ഇനി നടത്തേണ്ടത് എന്നും പറഞ്ഞുകൊണ്ട് നിർമാതാക്കളെ ചിലർ സമീപിക്കുകയാണ്. സിനിമ മോഹിയായ നിർമ്മാതാവ് ഇവരുടെ വലയിൽ വീഴുന്നത് സൂപ്പർ താരങ്ങളുടെ വരെ ഡേറ്റും കാൾ ഷീറ്റും ഉണ്ട് എന്ന് പറഞ്ഞു കൊണ്ടാണ്. ഈ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത് സൂപ്പർ താരങ്ങൾക്ക് അഡ്വാൻസ് കൊടുക്കുക എന്ന് പറഞ്ഞ ലക്ഷണങ്ങൾ തട്ടിയെടുത്ത ശേഷം ഓരോരോ കാരണങ്ങൾ പറഞ്ഞ് മറ്റു പ്രവർത്തനങ്ങൾ നീട്ടിക്കൊണ്ടുപോയി നിർമ്മാതാവിനെ കബളിപ്പിക്കുന്ന ഈ സംഘവും കേരളത്തിൽ എല്ലായിടത്തും പ്രവർത്തിച്ചുവരുന്നുണ്ട്.

ചുരുക്കത്തിൽ മറ്റ് ഭാഷ സിനിമകളുടെ ലോകവുമായി നോക്കിയാൽ വളരെ ചെറിയ മുതൽ മുടക്കിൻ്റെ ബിസിനസ് മാത്രം നടക്കുന്ന സിനിമ മേഖലയാണ് മോളിവുഡ് എന്ന അറിയപ്പെടുന്ന മലയാള സിനിമ ലോകം. പരമ്പരാഗത സിനിമ പരിചയം നേടിയെടുത്ത വലിയ സിനിമ കമ്പനികൾ പലതും രംഗം വിട്ടതോടുകൂടി പുതിയ തലമുറയിലെ നിർമ്മാതാക്കളും ചലച്ചിത്ര പ്രവർത്തകരും ആണ് ഇപ്പോൾ മലയാള സിനിമ രംഗത്ത് ആധിപത്യം ഉറപ്പിച്ചിട്ടുള്ളത്. ഇതിൽ ആകട്ടെ ഇപ്പോൾ എത്തുന്നതിൽ ഭൂരിഭാഗം പേരും തട്ടിപ്പിന്റെ എളുപ്പമുള്ള മേഖല എന്ന കണ്ടെത്തലോടുകൂടിയാണ്. സിനിമയിൽ അഭിനയിക്കാൻ മോഹിച്ചു നടക്കുന്ന സമ്പന്ന കുടുംബങ്ങളിലെ യുവാക്കളെയും യുവതികളെയും വരെ അഭിനയിക്കാനും മുഖ്യ റോൾ കൊടുക്കാനും ഉറപ്പു നൽകിക്കൊണ്ട് നിർമ്മാണത്തിന് വേണ്ട പണം ഇറക്കുന്ന ഏർപ്പാടുകളും ചിലർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ ഏതു തരത്തിൽ നോക്കിയാലും മലയാള സിനിമ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ തട്ടിപ്പ് വീരന്മാരുടെ ആസ്ഥാനമായി മലയാള സിനിമ ലോകം മാറിയിരിക്കുന്നു എന്ന് നിസംശയം പറയാം.