സിപിഎമ്മിനിട്ട് കുത്തി ബിനോയ് വിശ്വം

ഈ എം എസ് വെറും സൈദ്ധാന്തികൻ

ലോകസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ഇടതുമുന്നണിയിൽ തർക്കങ്ങൾ തുടർന്നുകൊണ്ടിരിക്കെ മുന്നണിയെ നയിക്കുന്ന സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നു. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സിപിഐ നേതാവായിരുന്ന അച്യുതമേനോൻ ആയിരുന്നു എന്നും, ഇ എം എസ് മികച്ച ഭരണാധികാരി അല്ല മറിച്ച് വെറും സൈദ്ധാന്തികൻ മാത്രമായിരുന്നു എന്നും ബിനോയ് വിശ്വം വിമർശിച്ചു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതിഷേധ വാക്കുകൾ സിപിഎം നേതാക്കൾക്കിടയിൽ വലിയ ചർച്ചയായി. ബിനോയ് വിശ്വത്തിന്റെ പ്രസ്താവന പിൻവലിക്കണം എന്നു വരെ ആവശ്യം ഉയർന്ന കഴിഞ്ഞു.

ഇടതുമുന്നണിക്ക് എങ്ങനെയാണ് തോൽവി ഉണ്ടായത് എന്ന കാര്യം പരിശോധിക്കണമെന്നും, സർക്കാരിൻറെ തെറ്റുകളും മറ്റും തിരുത്തപ്പെടണം എന്നും ബിനോയ് വിശ്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കാലം ആവശ്യപ്പെടുന്ന തിരുത്തലുകൾക്ക് തയ്യാറാവുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് ശൈലി എന്നും, അതുകൊണ്ട് നിലപാടുകൾ തിരുത്തുന്നതിന് ഒരു തരത്തിലും മടിക്കരുത് എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. എന്നാൽ മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടി തന്നെ രൂക്ഷമായ ഭാഷയിൽ സർക്കാരിനെ വിമർശിക്കുന്നതും നേതാക്കളെ തരംതാഴ്ത്തുന്നതും ശരിയല്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും.

ഇപ്പോഴത്തെ സാഹചര്യത്തിൽ അതിവേഗ റെയിൽപാതയായ സിൽവർ ലൈൻ കേരളത്തിന് ആവശ്യമില്ല എന്നും സിൽവർ ലൈൻ ഉപേക്ഷിച്ച പദ്ധതിയാണ് എന്നും ബിനോയ് വിശ്വം തുറന്നടിച്ചു. സർക്കാർ തന്നെ ജനകീയ പ്രതിഷേധത്തിന്റെ പേരിൽ ഉപേക്ഷിച്ച ഒരു പദ്ധതി വീണ്ടും ഉയർത്തി കൊണ്ടുവരേണ്ട യാതൊരു ആവശ്യവും ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും ബിനോയ് വിശ്വം പ്രതികരിച്ചത്.

യുഡിഎഫിൽ ഘടകകക്ഷി ആയിരുന്ന മാണി ഗ്രൂപ്പ് കേരള കോൺഗ്രസ് മുന്നണി വിട്ടു ഇടതുപക്ഷ മുന്നണിയിൽ വന്നതുകൊണ്ട് ഇടതുമുന്നണിക്ക് ഇതുവരെ ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നുകൂടി ബിനോയ് വിശ്വം തുറന്നടിച്ചു. ഭാവിയിൽ ഗുണം ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മത്സരിച്ച മാണി ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ സ്ഥാനാർഥി തോമസ് ചാഴിക്കാടൻ വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇടതുമുന്നണിക്ക് വലിയ ശക്തിയുള്ള ഒരു മണ്ഡലത്തിൽ എങ്ങനെ തോൽവി ഉണ്ടായി എന്നത് പരിശോധിക്കണം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ ശക്തി കേന്ദ്രം ആയിരുന്നുവെങ്കിൽ സ്ഥാനാർത്ഥി തോൽക്കുമായിരുന്നില്ല എന്നും അപ്പോൾ മാണി ഗ്രൂപ്പിൻറെ അവകാശവാദം ശരിയായിരുന്നില്ല എന്നും ബിനോയ് വിശ്വത്തിൻ്റെ വാക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി അന്തരിച്ച സി അച്യുതമേനോൻ ആയിരുന്നു എന്നും അച്യുതമേനോന്റെ സർക്കാരാണ് കേരളം കണ്ട മികച്ച ഭരണം നടത്തിയത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കോൺഗ്രസുമായി കൂട്ടു ചേർന്ന സിപിഐയുടെ നടപടി തെറ്റായിരുന്നു എന്ന് സിപിഎം നേതാക്കൾ വിമർശിക്കുന്നതിനേയും ബിനോയ് വിശ്വം തള്ളിക്കളഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ പോലും ബംഗാളിൽ കോൺഗ്രസ്സും സിപിഎമ്മും ഒരുമിച്ച് മത്സരിക്കുകയായിരുന്നില്ലേ എന്ന ചോദ്യമാണ് ഈ കാര്യത്തിൽ ബിനോയ് വിശ്വം ഉയർത്തിയത്.

ദേശീയതലത്തിൽ രണ്ടായി പ്രവർത്തിക്കുന്ന സിപിഎമ്മും സിപിഐഎം തത്വാധിഷ്ഠിതമായി യോജിപ്പും ഐക്യവും പ്രകടിപ്പിക്കേണ്ട രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിലുള്ളതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അന്ധമായ കോൺഗ്രസ് വിരോധം ഇനിയും തുടരുന്നതിൽ കാര്യമില്ല. ദേശീയതലത്തിൽ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ തടയുന്നതിന് മുന്നിൽ നിൽക്കാൻ കഴിയുന്ന പാർട്ടി കോൺഗ്രസ് മാത്രമാണ്. ഈ യാഥാർത്ഥ്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾ തിരിച്ചറിയണം എന്നുകൂടി അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഭരണ വിരുദ്ധമായ പ്രസ്താവനകളും സർക്കാരിനെതിരെയുള്ള വിമർശനങ്ങളും മുഖ്യമന്ത്രിയുടെ ശൈലി തെറ്റാണെങ്കിൽ അത് തിരുത്തണമെന്നും ഉള്ള ബിനോയ് വിശ്വത്തിന്റെ പരസ്യമായ പ്രസ്താവനകൾ സിപിഎം നേതാക്കൾക്ക് വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിനോയ് വിശ്വത്തിന്റെ സിപിഎം വിരുദ്ധ നിലപാടുകൾ മുഖ്യമന്ത്രി പിണറായി വിജയനെയും അനിഷ്ടത്തിൽ ആക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിപിഐ സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ സർക്കാർ വിരുദ്ധ പ്രസ്താവനകൾ പിൻവലിക്കണം എന്ന ആവശ്യവും സിപിഎം നേതാക്കൾ ഉയർത്തുന്നുണ്ട്.