പുതിയതായി നിലവിൽ വന്ന ലോകസഭയിൽ പ്രതിപക്ഷത്തിന്റെ നേതാവായി അംഗീകരിക്കപ്പെട്ട രാഹുൽഗാന്ധി, നാലുദിവസം നീണ്ട ലോകസഭാ സമ്മേളന കാലത്ത് അത്ഭുതകരമായ മാറ്റങ്ങളാണ് വരുത്തിതീർത്തത്. കഴിഞ്ഞ 10 വർഷക്കാലം നീണ്ട ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്രമോദി ഭരണകാലത്ത് ഏറ്റവും വലിയ ആക്ഷേപങ്ങൾക്ക് ഇരയായിരുന്ന രാഹുൽഗാന്ധി എന്ന കോൺഗ്രസ് നേതാവ്, പുതിയ ചരിത്രം എഴുതി സ്വന്തം വ്യക്തിത്വം മാത്രമല്ല, രാജ്യത്തിൻറെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഉന്നതമായ മാതൃകയായി മാറുന്ന സ്ഥിതിയാണ് ഉണ്ടായത്.
പക്വതയില്ലാത്തവൻ എന്നും രാഷ്ട്രീയം അറിയാത്തവൻ എന്നും കഴിവുകെട്ടവൻ എന്നൊക്കെയുള്ള ബിജെപി നേതാക്കളുടെ രാഹുൽഗാന്ധിക്കെതിരായ ആക്ഷേപശരങ്ങൾ ഇനി നിലനിൽക്കില്ല എന്ന് മാത്രമല്ല. അജയ്യനായി നിലനിന്നിരുന്ന നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ കെട്ടിച്ചമച്ച വമ്പത്തരം വെറും പൊള്ളയാണ് എന്ന് തെളിയിക്കുവാൻ കൂടി കഴിയുന്നതായി മാറി ലോകസഭയിലെ നാലുനാളുകളിൽ നീണ്ട പ്രതിപക്ഷത്തിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും.
ലോകസഭയിൽ തൻറെ ആദ്യ പ്രസംഗത്തിൽ നരേന്ദ്രമോദിയെ നേരിട്ട് ആക്രമിച്ച രാഹുലിന്റെ വാക്കുകൾ മോദിയെ ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയിൽ എത്തിച്ചിരുന്നു. പല അവസരങ്ങളിലും രാഹുൽഗാന്ധിയെ നേരിടാൻ സ്വന്തം കസേരയിൽ നിന്നും എണീക്കുന്ന പ്രധാനമന്ത്രിയെ ജനം കണ്ടു. പത്തുവർഷക്കാലത്തെ പ്രധാനമന്ത്രി കസേരയിലെ ഇരുപ്പിന്റെ നാളുകളിൽ പലപ്പോഴും ലോക സഭയെയും രാജ്യസഭയെയും വെറും പുല്ലായി കണ്ടുകൊണ്ട്, അവിടേക്ക് തിരിഞ്ഞു കയറാതെ കഴിഞ്ഞിരുന്ന പ്രധാനമന്ത്രിയാണ് രാഹുലിന്റെ പ്രസംഗസമയത്ത് തന്നെ ലോകസഭയിൽ എത്തിയത്. പ്രധാനമന്ത്രിയുടെ വരവുതന്നെ പ്രതിപക്ഷനിരകളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. കാരണം മുൻകാലങ്ങളിൽ എത്ര ഗൗരവമുള്ള വിഷയങ്ങൾ ലോകസഭയിൽ ഉയർന്നു വന്നാലും പ്രധാനമന്ത്രി എത്തുകയോ മറുപടി പറയുകയോ വിശദീകരണം നൽകുകയോ ചെയ്ത അനുഭവവും ഉണ്ടായിട്ടില്ല. ഇതിന് വിരുദ്ധമായിട്ടാണ് രാഹുൽഗാന്ധി പ്രതിപക്ഷ നേതാവ് എന്ന പദവിയോട് കൂടി ലോകസഭയിലെത്തിയപ്പോൾ നരേന്ദ്രമോദി വാക്കുകൾ കേൾക്കാൻ കാത്തിരുന്നത്.
നാലോ അഞ്ചോ ദിവസത്തെ പാർലമെൻറിനകത്ത് പ്രതിപക്ഷം നടത്തിയ ശക്തമായ ഇടപെടലുകളും, അതിനെല്ലാം അവസരോചിതമായി നേതൃത്വം നൽകിയ രാഹുൽ ഗാന്ധിയുടെ നീക്കങ്ങളും, ബിജെപി സർക്കാരിൽ പങ്കുചേർന്നു നിൽക്കുന്ന ഭരണകക്ഷിയിലെ ചില പാർട്ടി നേതാക്കളെ പോലും അത്ഭുതപ്പെടുത്തി. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞദിവസം പാർലമെൻറിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോക്കു നടത്തിയപ്പോൾ, ഭരണകക്ഷികൾ പെട്ട ജെ.ഡി യു പാർട്ടി അംഗങ്ങളും ഇറങ്ങിപ്പോകിനായി ഒത്തുചേർന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമല്ല, ബിജെപിയുടെ മുതിർന്ന നേതാക്കളെ വരെ വലിയ ആശങ്കയിൽ ആക്കിയ ഒരു സംഭവമായിരുന്നു ഈ ഭരണകക്ഷിയിൽ പെട്ട പാർട്ടി നേതാക്കളുടെ ഇറങ്ങി പോക്ക്.
ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കുറെ കൂടിയൊക്കെ ശക്തി നേടിയ കോൺഗ്രസ് പാർട്ടിയും, അതുപോലെതന്നെ ഇന്ത്യ മുന്നണിയും പാർലമെന്റിന് അകത്ത് ശക്തമായ സാന്നിധ്യമാണ് ഉറപ്പാക്കി കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നീക്കങ്ങൾക്കും ഇടപെടലുകൾക്കും പ്രേരണ നൽകുന്നത് രാഹുൽ ഗാന്ധിയാണ്. ദേശീയതലത്തിൽ വന്നിട്ടുള്ള രാഷ്ട്രീയ മാറ്റം പ്രതിപക്ഷ നിരയിലെ ഇന്ത്യ മുന്നണിക്ക് അകത്തെ പാർട്ടികളിലും പുതിയ ആവേശം ഉണ്ടാക്കി കഴിഞ്ഞു. ഇതിനെല്ലാം അടിസ്ഥാന ഘടകം മുൻകാലങ്ങളിൽ രാഷ്ട്രീയ നേതാക്കൾ കണ്ടിരുന്ന രാഹുൽഗാന്ധിയെ അല്ല ഈ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങളും വിവിധ പാർട്ടി നേതാക്കളും കണ്ടുകൊണ്ടിരിക്കുന്നത്. കാര്യങ്ങൾ വിശദമായി പഠിക്കുവാനും പഠിക്കുന്ന വിഷയങ്ങൾ കുറിക്കുകൊള്ളുന്ന ഭാഷാപ്രയോഗങ്ങളിലൂടെ തൊടുത്തു വിടുവാനും രാഹുൽ ഗാന്ധി ശക്തി നേടിയിരിക്കുന്നു ആദ്യ പ്രസംഗത്തിന്റെ ആഘാതത്തിൽ വീണ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ഇപ്പോഴും ആ ആഘാതത്തിന്റെ മയക്കത്തിൽ നിന്നും വിട്ടകന്നിട്ടില്ല.
സ്ഥാനം ഏൽക്കുന്ന പുതിയ കേന്ദ്രമന്ത്രിസഭയുടെ ഐക്യമുന്നണി സ്വഭാവം ഭാവിയുടെ കാര്യത്തിൽ ഉറപ്പില്ലാത്തത് ആയിരിക്കും എന്നാണ് ആശങ്ക മോദിയുടെ മൂന്നാം സർക്കാർ അധികാരമേറ്റപ്പോൾ തന്നെ ഉയർന്നിരുന്നതാണ്. ഒരിക്കലും പൂർണ്ണ വിശ്വാസത്തിൽ എടുക്കുവാൻ കഴിയാതെ അവസരവാദ രാഷ്ട്രീയം കൈമുതലാക്കിയ ചില പാട്ടുകളാണ് മോദി സർക്കാരിൻറെ പിന്തുണയ്ക്കായി എത്തിയത്. അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത നരേന്ദ്രമോദി സർക്കാരിന് എപ്പോഴും തലവേദന തുടർക്കഥയായി നിലനിൽക്കും. ഏതുകാര്യത്തിലും എതിർപ്പ് രേഖപ്പെടുത്തുവാനും അംഗീകരിക്കപ്പെടുന്നില്ല എങ്കിൽ പിന്തുണ പിൻവലിക്കുവാനും മറുകണ്ടം ചാടുവാനും ഒരു മടിയും കാണിക്കാത്ത രണ്ടു പ്രാദേശിക പാർട്ടികളാണ് മുഖ്യമായി ഇപ്പോഴത്തെ നരേന്ദ്രമോദി സർക്കാരിനെ പിന്തുണയ്ക്കുന്നത്..
ഏതായാലും ഇന്ത്യയിലെ രാഷ്ട്രീയ ഒരു പുതിയ വഴിത്താരയിലേക്ക് കടന്നിരിക്കുകയാണ്. ആക്ഷേപ ശരങ്ങൾ ഏറ്റു തളർന്നിരുന്ന രാഹുൽഗാന്ധിയും കോൺഗ്രസ് പാർട്ടിയും അല്ല ഇന്ന് ഇന്ത്യയിൽ ഉള്ളത്. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കിയ ബിജെപി പാർട്ടി ഇപ്പോൾ ആ മുദ്രാവാക്യം ഉപേക്ഷിക്കാൻ മാത്രമല്ല, സ്വന്തം പാർട്ടിയെ എങ്ങനെ സംരക്ഷിക്കാൻ കഴിയും എന്ന് ആലോചിച്ച് തലപുകയുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.